മുംബൈ: ഇന്ത്യന്‍ ടീമിലെ വിവാദങ്ങളില്‍ പ്രതികരണവുമായി പരിശീലകന്‍ രമേശ് പവാര്‍. ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ നിന്നും ടീമിലെ മുതിര്‍ന്ന താരവും മുന്‍ നായികയുമായ മിതാലി രാജിനെ പുറത്താക്കിയത് വന്‍ വിവാദമായിരുന്നു. പിന്നാലെ രമേശിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബിസിസിഐയ്‌ക്കെഴുതിയ കത്തില്‍ മിതാലി ആരോപിച്ചത്. ഇതിന് പിന്നാലെയാണ് രമേശ് തന്റെ നിലപാട് വ്യക്തമാക്കിയത്.

മിതാലിയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നുവെന്നും രമേശ് പവാര്‍ സമ്മതിച്ചു. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയും ജിഎം സബാ കരീമും വിളിച്ച യോഗത്തിലായിരുന്നു രമേശ് വിശദീകരണം നല്‍കിയത്. ഇരുവരും നേരത്തെ നായിക ഹര്‍മന്‍പ്രീത് കൗറുമായും മിതാലിയുമായും സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രമേശിനെ കണ്ടത്.

മിതാലിയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടെന്നും മിതാലിയെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും പവാര്‍ ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടും താല്‍പര്യമില്ലാതെയാണ് മിതാലി പെരുമാറിയിരുന്നതെന്നും അതുകൊണ്ട് തന്നെ മിതാലിയെ കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെന്ന് പവാര്‍ പറഞ്ഞു. അതേസമയം, ടീമില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം വ്യക്തിപരമല്ലെന്നും ടീമിന് വേണ്ടിയായിരുന്നുവെന്നും പവാര്‍ വ്യക്തമാക്കി.

മിതാലിയുടെ സ്‌ട്രൈക്ക് റേറ്റ് മോശമായതിനാലാണ് സെമി മത്സരത്തിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയതെന്ന് പവാര്‍ പറയുന്നു. കൂടാതെ മുതിര്‍ന്ന താരമായ മിതാലിയോടുള്ള തന്റെ പെരുമാറ്റത്തില്‍ വേര്‍തിരിവുണ്ടായിരുന്നതായും പവാര്‍ സമ്മതിച്ചു. എന്നാല്‍ പാകിസ്ഥാനും അയര്‍ലാന്റിനു എതിരേയുള്ള മത്സരങ്ങള്‍ക്കുള്ള ടീം തിരഞ്ഞെടുക്കുമ്പോള്‍ എന്തുകൊണ്ട് മിതാലിയുടെ സ്‌ട്രൈക്ക് റേറ്റ് നോക്കിയിരുന്നില്ലെന്ന ചോദ്യത്തിന് പവാറിന് ഉത്തരം നല്‍കാനായില്ല.

മിതാലിയെ പുറത്തിരുത്താന്‍ പുറത്തു നിന്നുമുള്ള ആരുടേയും നിര്‍ദ്ദേശം ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ പവാര്‍ പക്ഷെ ടീം മാനേജര്‍ തൃപ്തി ഭട്ടാചാരിയ്ക്ക് ബിസിസിഐയിലെ കരുത്തുള്ള ഒരാളുമായി ബന്ധമുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും പറഞ്ഞു.

വെളളിയാഴച്ചയാണ് പവാറിന്റെ താല്‍ക്കാലിക പരിശീലക സ്ഥാനത്തിന്റെ കാലാവധി അവസാനിക്കുന്നത്. പദവിയ്ക്കായി പുതിയ അപേക്ഷ നല്‍കാമെങ്കിലും പവാറിനെ നിലനിര്‍ത്തുമോ എന്നത് കണ്ടു തന്നെ അറിയണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ