ഹൈദരാബാദ്: ലോകകപ്പിൽ ഫൈനലിൽ തോറ്റെങ്കിലും തല ഉയർത്തിപ്പിടിച്ചാണ് ഇന്ത്യൻ സംഘം തിരിച്ച് വന്നത്. ന്യൂഡൽഹിയിലെ വ്യോമത്താവളത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിനും പുലിപ്പടയ്ക്കും ലഭിച്ചത് ആവേശോജ്ജ്വല വരവേൽപ്പായിരുന്നു. ഇതിന് പിന്നാലെയാണ് നായകന് പ്രത്യേക സമ്മാനം സ്വന്തം നാട്ടിൽ കാത്തിരിക്കുന്നത്.

ഹൈദരാബാദ് ജില്ല ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റും മുൻ ഇന്ത്യൻ ജൂനിയർ ക്രിക്കറ്റ് ടീം സെലക്ടറുമായ വി.ചാമുണ്ഡേശ്വര നാഥാണ് സമ്മാനം പ്രഖ്യാപിച്ചത്. അസ്സലൊരു ബിഎംഡബ്ല്യു കാറാണ് ഇന്ത്യൻ ക്യാപ്റ്റനെ കാത്തിരിക്കുന്നത്.

ആന്ധ്ര രഞ്ഞ്ജി ടീമിന്റെ ക്യാപ്റ്റനായിരുന്ന ചാമുണ്ഡേശ്വര നാഥ് മുൻപും കായികരംഗത്ത് മികവു പുലർത്തിയവർക്ക് പാരിതോഷികമായി കാറുകൾ സമ്മാനിച്ചിരുന്നു. ഇന്ത്യൻ ക്യാപ്റ്റനും ലോകത്തെ ഏറ്റവും കൂടുതൽ റൺ നേടിയ ബാറ്റ്സ്‌വുമണുമായ മിതാലിയെ, ലോകകപ്പിലെ ഇന്ത്യയുടെ തകർപ്പൻ പ്രകടനത്തിന്റെ പേരിലാണ് ഇദ്ദേഹം അനുമോദിക്കുന്നത്.

“ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ നെടുംതൂണാണ് മിതാലി. അവർ കളിക്കാർക്കിടയിൽ നല്ല സ്വാധീനം ചെലുത്തുന്നുണ്ട്. ദീർഘകാലമായി അവരാണ് ഇന്ത്യയെ നയിക്കുന്നത്”, ചാമുണ്ഡേശ്വര നാഥ് ടൈംസ് ഓഫ് ഇന്ത്യയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇതാദ്യമായല്ല ചാമുണ്ഡേശ്വര നാഥ് മിതാലിക്ക് കാർ സമ്മാനിക്കുന്നത്. മുൻപ് 2007 ൽ ഒരു ഷെവർലെ കാറും ഇദ്ദേഹം സമ്മാനമായി നൽകിയിരുന്നു. ഇത്തവണ കൂടുതൽ വിലയേറിയ സമ്മാനവുമായാണ് മിതാലിയ്ക്കായി ചാമുണ്ഡേശ്വര നാഥും ഹൈദരാബാദും കാത്തിരിക്കുന്നത്.

റിയോ ഒളിംപിക്സിൽ മെഡൽ നേടിയ ബാഡ്മിന്റൺ താരം പി.വി.സിന്ധു, ഗുസ്തി താരം സാക്ഷി മാലിക് എന്നിവർക്കും ബിഎംഡബ്ല്യു കാർ സമ്മാനമായി ലഭിച്ചിരുന്നു. ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറാണ് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ പി.വി.സിന്ധുവിനും, സാക്ഷി മാലിക്കിനും ദീപ കർമാർക്കർക്കും പി.ഗോപിചന്ദിനും കാർ സമ്മാനിച്ചത്. എല്ലാവർക്കും ബിഎംഡബ്ല്യു കാർ തന്നെയാണ് സമ്മാനമായി ചാമുണ്ഡേശ്വര നാഥ് കൈമാറിയത്. ഇതിന് മുൻപ് ബാഡ്മിന്റൺ താരങ്ങളായ സൈന നേഹ്‌വാൾ, പാരുപള്ളി കശ്യപ് എന്നിവർക്കും ഇദ്ദേഹം കാർ സമ്മാനമായി നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ