ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. ഐസിസി വനിതാ ലോകകപ്പ് മൽസരങ്ങൾക്ക് മുന്നോടിയായി ലണ്ടനിൽ നടന്ന പരിപാടിയിൽ മാധ്യമപ്രവർത്തകരിലൊരാളുടെ ചോദ്യത്തിന് മിതാലി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

നിങ്ങളുടെ ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം ആരെന്നായിരുന്നു മിതാലിയോട് ചോദിച്ചത്. ഇതുകേട്ട മിതാലി ഈ ചോദ്യം ഒരു പുരുഷ ക്രിക്കറ്റ് താരത്തോട് നിങ്ങൾ ചോദിക്കുമോ എന്നു തിരിച്ചടിച്ചു. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വനിതാ ക്രിക്കറ്റ് താരം ആരാണെന്ന് നിങ്ങൾ അവരോട് ചോദിക്കണമെന്നും മിതാലി റിപ്പോർട്ടറോട് ആവശ്യപ്പെട്ടു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് പുരുഷ ക്രിക്കറ്റ് താരങ്ങളെപ്പോലെ പബ്ലിസിറ്റി കിട്ടാറില്ലെന്നും മിതാലി പറഞ്ഞു.

ലോകകപ്പ് മൽസരങ്ങൾക്കായി ലണ്ടനിലാണ് മിതാലിയും സംഘവും ഉളളത്. ലേഡി സച്ചിൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കളിക്കാരിയാണ് മിതാലി രാജ്. ഐസിസി വനിതാ ലോകകപ്പ് ക്രിക്കറ്റിലെ സന്നാഹമത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യ 109 റൺസിന് തോൽപ്പിച്ചിരുന്നു. 85 റൺസെടുത്ത മിതാലി രാജായിരുന്നു കളിയിലെ താരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ