ഹൈദരാബാദ്: വനിത ലോകകപ്പിന്റെ ഫൈനൽ വരെയെത്തിയ കുതിപ്പ് ഇന്ത്യൻ ടീമിന് ഏറെ ആരാധകരെയാണ് നേടിക്കൊടുത്തത്. ഇന്ത്യൻ ടീമിന് രാജ്യത്തുടനീളം ആഘോഷ പൂർവമായ വരവേൽപ്പാണ് ലഭിക്കുന്നത്. ബിസിസിഐ ടീമിന് ഫൈനലിനു മുന്നേ പാരിതോഷികം പ്രഖ്യാപിച്ചപ്പോൾ രാജ്യത്തെത്തിയ ടീമിനും ടീമംഗങ്ങൾക്കും പ്രശംസയും പാരിതോഷികവും ഒരുപാട് ലഭിച്ചു. ക്യാപ്റ്റൻ മിതാലി രാജിനും ലഭിച്ചു ഏറെ പാരിതോഷികങ്ങൾ. എന്നാൽ വനിതാ ടീം നായികയ്ക്ക് പ്രഖ്യാപിച്ച 12 വർഷം പഴക്കമുള്ള ഒരു പാരിതോഷികം ഇപ്പോഴും പ്രഖ്യാപനത്തിൽ തന്നെ ഒതുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോട്ടുകൾ.

2005ൽ വനിത ലോകകപ്പിന്റെ ഫൈനലിലെത്തിയ ഇന്ത്യൻ ടീമിനെ നയിച്ചതും മിതാലി രാജായിരുന്നു. ഫൈനലിൽ ഒസ്ട്രേലിയയോട് തോറ്റെങ്കിലും ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ പേരിൽ ആന്ധ്രാപ്രദേശിലെ വൈഎസ് രാജശേഖര റെഢി സർക്കാർ ഹൈദരാബാദുകാരിയായ മിതാലിക്ക് അഞ്ച് ലക്ഷം രൂപയും ഒരേക്കർ ഭൂമിയും പാരിതോഷികം പ്രഖ്യാപിച്ചു. എന്നാൽ പ്രഖ്യാപനം നടത്തിയതല്ലാതെ ഇന്നേവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഭൂമി നൽകാനായി സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല.

മിതാലിയും രക്ഷിതാക്കളും അധികൃതരെ സമീപിച്ചെങ്കിലും വിഷയത്തിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. എന്നാൽ നിലവിലെ സർക്കാർ ടെന്നീസ് താരം സാനിയ മിർസയ്ക്ക് പ്രഖ്യാപിച്ച 2 കോടിയും പിവി സിന്ധുവിന് 5 കോടിയും പാരിതോഷികം അനുവദിച്ചിപ്പോഴും മിതാലിയുടെ കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

2017ലെ ലോകകപ്പിലെ പ്രകടനത്തിന്റെ പേരിൽ മിതാലിയടങ്ങിയ ഇന്ത്യൻ ടീമിന് വലിയ വലിയ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബിസിസിഐ ഓരോ അംഗത്തിനും 50 കോടി വീതം പ്രഖ്യാപിച്ചപ്പോൾ റെയിൽവെ 1.2 കോടി പ്രതിഫലമാണ് പ്രഖ്യാപിച്ചത്. വിവിധ സംസ്ഥാനങ്ങൾ ടീമംഗങ്ങൾക്ക് ജോലിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ