ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്രി-20യിൽ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം. 9 വിക്കറ്റിനാണ് ഇന്ത്യയുടെ പെൺകൊടികൾ ദക്ഷിണാഫ്രിക്കയെ തകർത്തത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം ഇന്ത്യ 5 പന്തുകൾ ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി നേടി പുറത്താകാതെ നിന്ന മിതാലി രാജാണ് ഇന്ത്യയുടെ വിജയശിൽപ്പി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക തപ്പിതടഞ്ഞാണ് 142 റൺസ് എന്ന സ്കോറിൽ എത്തിയത്. 33 റൺസ് എടുത്ത ലൂസും, 26 റൺസ് എടുത്ത ഡി ക്ലെർക്കുമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർമാർ. ഇന്ത്യക്കായി പൂനം യാദവ്, അനുജ പാട്ടീൽ എന്നിവർ 2 വിക്കറ്റ് വീതം വിഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ മിതാലി രാജും സ്മൃതി മന്ദാനയും ദക്ഷിണാഫ്രിക്കൻ ബൗളർമാരെ അടിച്ച് തകർത്തു. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 107 റൺസാണ് അടിച്ച് കൂട്ടിയത്. 42 പന്ത് നേരിട്ട മന്ദാന 4 ഫോറും 3 സിക്സറുകളും അടക്കം 57 റൺസ് എടുത്താണ് പുറത്തായത്. 61 പന്ത് നേരിട്ട മിഥാലി 8 ബൗണ്ടറിയടക്കം 76 റൺസുമായി പുറത്താകാതെയും നിന്നു. മൂന്നമതായി എത്തിയ ഹർമ്മൻപ്രീത് കൗറിനെ( 12 പന്തിൽ 7) കാഴ്ചക്കാരിയാക്കി നിർത്തിയാണ് മിതാലി ഇന്ത്യയെ തുടർച്ചയായ രണ്ടാം വിജയത്തിലേക്ക് നയിച്ചത്.

ജയത്തോടെ 5 മത്സരങ്ങളുളള ട്വന്റി-20 പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിൽ എത്തി. നേരത്തെ നടന്ന​ ഏകദിന പരമ്പരയിൽ ഇന്ത്യ 2-1ന് ദക്ഷിണാഫ്രിക്കൻ വനിതകളെ തോൽപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook