scorecardresearch

തമിഴ് സംസാരിക്കാത്തതിന് ട്രോള്‍; ‘സുഗു’വിന് തമിഴില്‍ വായടപ്പിക്കുന്ന മറുപടിയുമായി മിതാലി

ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ‘കാം ഡൗണ്‍’ എന്ന പാട്ടും സുഗുവിനായി മിതാലി ഡെഡിക്കേറ്റ് ചെയ്തു.

തമിഴ് സംസാരിക്കാത്തതിന് ട്രോള്‍; ‘സുഗു’വിന് തമിഴില്‍ വായടപ്പിക്കുന്ന മറുപടിയുമായി മിതാലി

സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്കു നേരെ ട്രോളുകളിലൂടേയും കമന്റ് വഴിയും ആക്രമണം നടക്കുന്നത് പതിവാണ്. പലരും അത്തരക്കാരെ അവഗണിച്ചു കടന്നുപോകുമ്പോള്‍ പറയാനുള്ളത് തുറന്നുപറഞ്ഞ് കൈയടി നേടുകയാണ് ഇന്ത്യന്‍ ഏകദിന നായിക മിതാലി രാജ്. തന്റെ ഭാഷയെക്കുറിച്ച് ട്വിറ്ററില്‍ ട്രോളിയ ആള്‍ക്കാണ് മിതാലി മറുപടി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മിതാലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 3-0 ന് തകര്‍ത്ത് പരമ്പര നേടിയിരുന്നു. അവസാന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. എക്താ ബിഷ്തിന്റെയും ദീപ്തി ശര്‍മയുടെയും രാജേശ്വരിയുടെയും പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.

ടീമിന്റെ പ്രകടനത്തില്‍ മിതാലിയ്ക്കും സംഘത്തിനും അഭിനന്ദനവുമായി ഇതിഹാസ താരം സച്ചിന്‍ ട്വീറ്റ് ചെയ്തിരുന്നു. സച്ചിന് മിതാലി മറുപടിയും നല്‍കി. ജീവിതകാലം മുഴുവന്‍ ആരാധനയോടെ നോക്കി കണ്ടയാളില്‍നിന്ന് അഭിനന്ദനം ലഭിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നായിരുന്നു മിതാലിയുടെ മറുപടി. ഇംഗ്ലീഷിലായിരുന്നു മിതാലിയുടെ ട്വീറ്റ്. ഇതിനെ പരിസഹിച്ച് സുഗു എന്നൊരാള്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

മാതൃഭാഷയായ തമിഴിന് പകരം മിതാലി ഇംഗ്ലീഷും തെലുഗുവും ഹിന്ദിയുമാണ് സംസാരിക്കുന്നതെന്നും തമിഴില്‍ മിതാലി ഒരു അഭിമുഖം പോലും നല്‍കിയിട്ടില്ലെന്നും സുഗു ആരോപിച്ചു. ഒരു വാക്കുപോലും തമിഴ് സംസാരിക്കാറില്ലെന്നും തമിഴ് അറിയാത്ത ചില നടിമാരെ പോലെയാണ് മിതാലിയെന്നും സുഗു ട്വീറ്റ് ചെയ്തു.

ഇതിന് മിതാലി മറുപടി നല്‍കിയത് തമിഴില്‍ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു. ‘തമിഴ് എന്റെ മാതൃഭാഷയാണ്. തമിഴ് നന്നായി സംസാരിക്കും. തമിഴ്‌നാട്ടില്‍ ജീവിക്കുന്നതില്‍ അഭിമാനിക്കുന്നു’ എന്നായിരുന്നു മിതാലിയുടെ പ്രതികരണം. പക്ഷെ എല്ലാത്തിനേക്കാളുമുപരിയായി താന്‍ ഇന്ത്യക്കാരിയെന്ന നിലയില്‍ അഭിമാനിക്കുന്നുണ്ടെന്നും മിതാലി പറഞ്ഞു. സുഗുവിന്റെ വിമര്‍ശനങ്ങളും ഉപദേശങ്ങളുമാണ് തന്നെ ഓരോ ദിവസവും മുന്നോട്ടു നയിക്കുന്നതെന്നും മിതാലി കൂട്ടിച്ചേര്‍ത്തു. പിന്നാലെ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ‘കാം ഡൗണ്‍’ എന്ന പാട്ടും സുഗുവിനായി മിതാലി ഡെഡിക്കേറ്റ് ചെയ്തു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Mithali raj shuts down troll for questioning her language preference