വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ മിതാലി രാജിന് ആശംസകളുമായി ക്രിക്കറ്റ് ലോകം. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമായ മിതാലി ഇന്ന് ഉച്ചയ്ക്കാണ് ട്വിറ്ററിലൂടെ എല്ലാ ഫോർമാറ്റുകളിലും നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.
232 ഏകദിനങ്ങളിൽ നിന്നും 7805 റൺസുമായി ഏകദിനത്തിലെ റൺവേട്ടക്കാരിൽ ഒന്നാമതായാണ് മിതാലി തന്റെ 23 വർഷം നീണ്ട കരിയർ അവസാനിപ്പിക്കുന്നത്. ഇന്ത്യക്കായി 12 ടെസ്റ്റുകളും 89 ടി20 മത്സരങ്ങളും മിതാലി കളിച്ചിട്ടുണ്ട്.
39-കാരിയായ മിതാലി നേരത്തെ തന്നെ ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. മാർച്ചിലെ ലോകകപ്പിന് പിന്നാലെ താരം വിരമിക്കുമെന്ന സൂചനകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു.
എല്ലാവരുടേയും പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നുവെന്നും ജീവിതത്തിലെ രണ്ടാം ഇന്നിങ്സിന് എല്ലാ പിന്തുണയും ആശംസയും പ്രതീക്ഷിക്കുന്നതായും മിതാലി ട്വിറ്ററിൽ കുറിച്ചു.
“എല്ലാ യാത്രകളെയും പോലെ ഇതിനും ഒരു അവസാനമുണ്ട്. ഇന്ന് ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്ന ദിവസമാണ്, ”മിതാലി പറഞ്ഞു.
വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മിതാലിക്ക് ആശംസാപ്രവാഹമാണ്. ആരാധകർക്ക് ഒപ്പം മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ ആശംസകളുമായി എത്തിയിട്ടുണ്ട്.
Also Read: വനിത ക്രിക്കറ്റിലെ ‘രാജ്’; മിതാലി യുഗം അവസാനിച്ചു