ഹൈദ്രബാദ്: വനിത ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച മിതാലി രാജിന് ആഡംഭര വാഹനമായ ബിഎംഡബ്ല്യു കാർ സമ്മാനിച്ചു. ഹൈദ്രബാദ് ജില്ല ബാഡ്മിന്റൺ അസോസിയേഷൻ വൈസപ്രസിഡൻഡായ വി ചാമുണ്ടേശ്വര നാഥാണ് മിതാലി രാജിന് പുതിയ കാർ സമ്മാനിച്ചത്. വനിത ലോകകപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യയെ നയിച്ച നായികയ്ക്ക് ബിഎംഡബ്ല്യു കാർ സമ്മാനിക്കുമെന്ന് വി ചാമുണ്ടേശ്വര നാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രേശേഖര റാവുവും , ബാഡ്മിന്റൺ പരിശീലകൻ പുല്ലേല ഗോപീചന്ദും മിതാലി രാജിനെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു. മിതാലിക്ക് 1 കോടി രൂപ പാരിതോഷികവും പുതിയ വീട് വയ്ക്കാൻ സ്ഥലവും നൽകുമെന്നും തെലങ്കാന മുഖ്യമന്ത്രി ചടങ്ങിൽ അറിയിച്ചു. ഇന്ത്യയിലെ എല്ലാ വനിതകൾക്കും പ്രചോദനമായ മിതാലി രാജ്യത്തിന്റെ അഭിമാനമാണ് എന്ന് തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.

ഇംഗ്ലണ്ടിൽ നടന്ന വനിത ലോകകപ്പിൽ മികച്ച പ്രകടനമാണ് മിതാലിയുടെ നേത്രത്വത്തിലുള്ള ഇന്ത്യൻ ടീം കാഴ്ചവെച്ചത്. ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിന് എതിരെ പൊരുതിയാണ് ഇന്ത്യ കീഴടങ്ങിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ വനിത ലോകകപ്പിന്റെ കലാശക്കളിക്ക് യോഗ്യത നേടിയത്. ടൂർണ്ണമെന്റിലെ റൺവേട്ടയിൽ രണ്ടാം സ്ഥാനത്തായിട്ടാണ് മിതാലി രാജ് ഫിനിഷ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ