വനിത ക്രിക്കറ്റിലെ ഇതിഹാസ താരം മിതാലി രാജിന് മറ്റൊരു ലോക റെക്കോർഡ് കൂടി. രാജ്യാന്തര ക്രിക്കറ്റിൽ 20 വർഷം തികച്ചു മുന്നേറുകയാണ് മിതാലി രാജ്. ദക്ഷിണാഫ്രിക്കക്കെതിരെ വഡോദരയിൽ നടക്കുന്ന മത്സരത്തിലാണു മിതാലി കരിയറിലെ നിർണായക നാഴികകല്ല് പിന്നിട്ടത്. 20 വർഷത്തിലധികം രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന ആദ്യ വനിത താരമാണ് മിതാലി.

1999 ജൂൺ 26ന് അയർലൻഡിനെതിരെയായിരുന്നു മിതാലിയുടെ രാജ്യാന്തര ഏകദിന അരങ്ങേറ്റം. ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുമ്പോൾ മിതാലിയുടെ കരിയർ 20 വർഷവും 105 ദിവസവും പിന്നിട്ടു. പുരുഷ-വനിത താരങ്ങളുടെ കണക്കിൽ ഏറ്റവും വലിയ നാലാമത്തെ രാജ്യാന്തര കരിയർ മിതാലിയുടേതാണെന്നത് എടുത്തുപറയണം.

Also Read: വീരുവിനെപ്പോലെ വീരൻ രോഹിത്തല്ല; അതു മറ്റൊരു താരമെന്ന് ലക്ഷ്മൺ

ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ കളിച്ച വനിത താരങ്ങളിലും മുന്നിലാണ് മിതാലി. 203 മത്സരങ്ങളാണ് ഇന്ത്യൻ കുപ്പായത്തിൽ ഇതുവരെ മിതാലി കളിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഷാർലറ്റ് എഡ്‌വേർഡ്സ് 191 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ തന്നെ ജൂലിയൻ ഗോസ്വാമി 177 മത്സരങ്ങളും ഓസ്ട്രേലിയയുടെ അലക്സ് ബ്ലാക്ക്‌വെൽ 144 മത്സരങ്ങളും കളിച്ച് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്.

പുരുഷ-വനിത താരങ്ങളുടെ കരിയർ കണക്കെടുത്താൽ ഇതിഹാസ താരം സച്ചിന്റേതാണ് ഏറ്റവും വലിയ കരിയർ. 22 വർഷവും 91 ദിവസവും നീണ്ടുനിൽക്കുന്നതായിരുന്നു സച്ചിന്റെ കരിയർ. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറിന് പിന്നിൽ ശ്രീലങ്കയുടെ സനത് ജയസൂര്യയും പാക്കിസ്ഥാന്റെ ജാവേദ് മിയൻദാദുമാണ്. 21 വർഷവും 184 ദിവസവും രാജ്യാന്തര ക്രിക്കറ്റിന്റെ ഭാഗമായിരുന്നു സനത് ജയസൂര്യ. ജാവേദിന്റെ ഇന്നിങ്സിന്റെ ആയുസ് 20 വർഷവും 272 ദിവസവുമാണ്. ഈ പട്ടികയിൽ നാലാം സ്ഥാനത്താണു മിതാലിയുള്ളത്.

Also Read: ടെസ്റ്റ് റാങ്കിങ്ങിലും മുന്നിലേക്ക് കുതിച്ച് രോഹിത് ശർമ്മ; വിരാട് കോഹ്‌ലിക്ക് തിരിച്ചടി

ക്രിക്കറ്റ് ലോകത്തെ മിന്നും റാണിയാണ് മിതാലി രാജ് എന്ന ഇന്ത്യൻ വനിത ക്രിക്കറ്റർ. ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തെ തന്നെ സകല വനിതകൾക്കും അഭിമാനവും പ്രചോദനവും പ്രതീക്ഷയും നൽകുന്ന താരം. പുരുഷന്മാർ സാധിച്ചതും അതിനപ്പുറവും നേടിയ വനിത.

1997ൽ നടന്ന ലോകകപ്പിൽ പതിനാല് വയസ് മാത്രമുള്ള മിതാലി ഇന്ത്യൻ ടീമിന്റെ ഭാഗമാകുമെന്ന വാർത്തകൾ സജീവമായിരുന്നെങ്കിലും അന്ന് ആ നേട്ടം സ്വന്തമാക്കാൻ മിതാലിക്ക് ആയില്ല. രണ്ട് വർഷങ്ങൾക്ക് ശേഷം 1999ൽ അയർലൻഡിനെതിരെയായിരുന്നു മിതാലിയുടെ അരങ്ങേറ്റ മത്സരം. ആദ്യ മത്സരത്തിൽ തന്നെ കന്നി സെഞ്ചുറി തികച്ച് വരാനിരിക്കുന്ന വെടിക്കെട്ടിന് സൂചന നൽകി.

ഏകദിന ക്രിക്കറ്റിൽ 6000 റൺസ് പിന്നിടുന്ന ആദ്യ താരമാണ് മിതാലി രാജ്. 203 മത്സരങ്ങൾ ഇന്ത്യൻ കുപ്പായത്തിൽ കളിച്ച താരം 51.29 റൺശരാശരിയിൽ 6720 റൺസാണ് അടിച്ചു കൂട്ടിയത്. 89 ടി20 മത്സരങ്ങൾ കളിച്ച മിതാലി 2364 റൺസ് നേടി. പത്ത് ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ച മിതാലി 663 റൺസും സ്വന്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook