വനിതാ ഏകദിന ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ നായിക മിതാലി രാജ്. ഏകദിന ക്രിക്കറ്റിൽ 200 മത്സരം തികയ്ക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോർഡാണ് മിതാലി സ്വന്തം പേരിലെഴുതിയത്. ഹാമിൾട്ടനിൽ ന്യൂസിലൻഡിനെതിരെ നടന്ന മത്സരത്തിലായിരുന്നു മിതാലിയുടെ ചരിത്ര നേട്ടം.

ഇന്ത്യ ആകെ 263 ഏകദിന മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇതിൽ 200 എണ്ണത്തിലും മിതാലി പങ്കാളിയായിരുന്നു. 1999 ജൂൺ 25 നായിരുന്നു ഏകദിനത്തിലെ മിതാലിയുടെ അരങ്ങേറ്റം. അതിനുശേഷം 213 മത്സരങ്ങളാണ് ഇന്ത്യൻ ടീം കളിച്ചത്. ഇതിൽ 13 എണ്ണം മാത്രമാണ് മിതാലിക്ക് കളിക്കാൻ കഴിയാതെ പോയത്.

രാജ്യാന്തര കരിയറിലെ മിതാലിയുടെ 20-ാം വർഷമാണിത്. 200 ഏകദിനങ്ങളിൽനിന്നായി 6,622 റൺസാണ് മിതാലിയുടെ സമ്പാദ്യം. 180 ഇന്നിങ്സുകളിൽനിന്നായി 7 സെഞ്ചുറികളും 52 അർധ സെഞ്ചുറികളും മിതാലിയുടെ പേരിലുണ്ട്. 36 കാരിയായ മിതാലി 10 ടെസ്റ്റ് മത്സരങ്ങളും 85 ടി ട്വന്റി മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 663 റൺസും ടി ട്വന്റിയിൽ 2,283 റൺസുമാണ് മിതാലിയുടെ സമ്പാദ്യം. 17 അർധ സെഞ്ചുറികളും ടി ട്വന്റിയിൽ മിതാലി നേടിയിട്ടുണ്ട്.

രോഹിത് ശർമ്മ ഏകദിനത്തിൽ 200-ാം മത്സരം എന്ന നേട്ടം കൈവരിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് മിതാലിയുടെ നേട്ടം. ഏകദിന ഫോർമാറ്റിൽ 200 മത്സരങ്ങൾ തികയ്ക്കുന്ന 14-ാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, എം.എസ്.ധോണി, അനിൽ കുംബ്ലെ, ജവഗൽ ശ്രീനാഥ്, മുഹമ്മദ് അസ്ഹറുദ്ദീൻ, വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്, വിരാട് കോഹ്‌ലി എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook