ലണ്ടന്‍: അന്താരാഷ്ട്ര ഏകദിന വനിതാ ക്രിക്കറ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന അപൂര്‍വ്വ നേട്ടം ഇന്ത്യന്‍ നായിക മിഥാലി രാജിന്. 164 ഇന്നിംഗ്സുകളില്‍ നിന്നും ആറായിരം റണ്‍സാണ് മിഥാലി മറികടന്നത്.

ലോകകപ്പിലെ ഇന്ത്യയുടെ ആറാം മത്സരത്തില്‍ ആസ്ട്രേലിയയ്ക്ക് എതിരെയാണ് മിഥാലി റെക്കോര്‍ഡ് സ്വന്തമാക്കിയത്. മിഥാലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്ക് എതിരായ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 131 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടമായ നിലയിലാണ് ഇന്ത്യ.

53 റണ്‍സെടുത്ത മിഥാലിയും 72 റണ്‍സെടുത്ത പൂനം റാവത്തുമാണ് ക്രീസിലുളളത്. മൂന്ന് റണ്‍സ് എടുത്ത് നില്‍ക്കെ സ്മൃതി മന്ദാനയെ ഇന്ത്യക്ക് നഷ്ടമായി. കളിച്ച അഞ്ചു മത്സരങ്ങളില്‍ നാലിലും വിജയിച്ചാണ് ഇരുടീമുകളും മുഖാമുഖം എത്തിയത്.

ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ലോകകപ്പ് യാത്ര തുടങ്ങിയത്. പിന്നാലെ വിന്‍ഡീസ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവരേയും തോല്‍പിച്ചു. എന്നാല്‍ അഞ്ചാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ അടിയറവ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ