ലണ്ടൻ: വനിത ലോകകപ്പ് സെമിയിലേക്ക് നായിക മിതാലി രാജിന്റെ ചിറകിലേറിയാണ് ഇന്ത്യ എത്തുന്നത്. ന്യൂസിലാൻഡിനെതിരെയുള്ള മരണക്കളിയിൽ നായികയുടെ റോൾ മനോഹരമായി നിർവഹിച്ച മിതാലി രാജ് വനിത ക്രിക്കറ്റിലെ ഇതിഹാസ താരമാണെന്ന് പറയാതെ വയ്യ. നിർണ്ണായക മത്സരത്തിൽ തകർച്ചയിൽ നിന്ന് ടീമിനെ കരകയറ്റിയ മിതാലിയുടെ പ്രകടനം ചരിത്രതാളുകളിൽ തിളങ്ങി നിൽക്കും.
21 റൺസിന് 2 വിക്കറ്റ് എന്ന നിലയിൽ ടീം പതറുമ്പോഴാണ് മിതാലി ക്രീസിൽ എത്തുന്നത്. പതിയെ ഉള്ള തുടക്കം , കൂടുതൽ തകർച്ചയിലേക്ക് വീഴാതെ മിതാലി ഇന്ത്യയുടെ സ്കോർ ബോർഡ് ചലിപ്പിച്ചു. സിംഗിളുകളുലൂടെ സ്കോർ ഉയർത്തിയ മിതാലി റൺറേറ്റ് താഴാതെ കാത്തു. മധ്യ ഓവറുകളിൽ റൺസ് ഉയർത്താൻ ഷോട്ടുകൾ ഉതിർത്ത മിതാലി ഇന്ത്യക്ക് മികച്ച സ്കോറും സമ്മാനിച്ചു. കരിയറിലെ തന്റെ ആറാം സെഞ്ചുറി സ്വന്തമാക്കിയ മിതാലി ഇന്ത്യൻ സ്കോർ 250 കടത്തി. 119 പന്തിൽ 109 റൺസാണ് മിതാലി എടുത്തത്. 11 ഫോറുകൾ അടങ്ങുന്നതായിരുന്നു മിതാലിയുടെ ഇന്നിങ്ങ്സ്.
ടൂർണ്ണമെന്റിന്റെ തുടക്കം മുതൽ മിതാലി പുറത്തെടുത്ത മികവ് ലോകോത്തരമായിരുന്നു. ഉദ്ഘാടന മത്സരത്തിൽ കരുത്തരായ ഇംഗ്ളണ്ടിന് എതിരെ 71 റൺസാണ് മിതാലി നേടിയത്. രണ്ടാം മത്സരത്തിൽ വെസ്റ്റൻഡീസിന് എതിരെ 46 റൺസും മിതാലി നേടി. പാക്കിസ്ഥാന് എതിരെ 8 റൺസും, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റണ്ണൊന്നും എടുക്കാതെയും പുറത്തായെങ്കെലും മിതാലി തളർന്നില്ല. ശ്രീലങ്കയ്ക്ക് എതിരെ 53 ഉം, ഓസ്ട്രേലിയക്ക് എതിരെ 69 റൺസും മിതാലി അടിച്ച് കൂട്ടി.
വനിത ലോകകപ്പിൽ ഏറ്റവും കുടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മിതാലി. 7 മത്സരങ്ങളിൽ നിന്ന് 356 റൺസാണ് മിതാലി ഇതുവരെ നേടിയത്. 7 മത്സരങ്ങളിൽ നിന്ന് 366 റൺസ് നേടിയ ഓസ്ട്രേലിയയുടെ എലിസ പെറിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.