ബേ ഓവല്‍: ഇന്ത്യയുടെ ചേസിങ് മാസ്റ്റര്‍ ആരെന്ന് ചോദിച്ചാല്‍ രണ്ടുത്തരമാകും ഉടനെത്തുക. നായകന് വിരാട് കോഹ്ലിയും മുന്‍ നായകന് എംഎസ് ധോണിയും. എന്നാല്‍ ആ ഉത്തരം പുരുഷ ക്രിക്കറ്റ് മാത്രം കാണുകയും പിന്തുടരുകയും ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അന്ധതയില്‍ നിന്നുമാണ് വരുന്നത്. യഥാര്‍ത്ഥ വസ്തുത ഇവരേക്കാള്‍ മുന്നിലാണ് വനിതാ ടീമിന്റെ നായികയും ഇതിഹാസ താരവുമായ മിതാലിന്റെ രാജ് എന്നതാണ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായ മിതാലി. ന്യൂസിലാന്റിനെതിരായ രണ്ടാം ഏകദിനവും ജയിച്ചതോടെയാണ് കോഹ്ലിയേയും ധോണിയേയും മിതാലി പിന്നിലാക്കിയത്.
ഇന്നത്തെ പ്രകടനത്തോടെ ചേസ് ചെയ്ത് ജയിക്കുന്ന മത്സരങ്ങളില്‍ മിതാലിയുടെ ശരാശരി 111.29 ആയി. ഇതോടെ മിതാലി പിന്നിലാക്കിയത് ധോണിയെയാണ്. മുന്‍ നായകന്റെ ശരാശരി 103.07 ആണ്. ചേസ് മാസ്റ്റര്‍ എന്നു വിളിക്കുന്ന കോഹ്ലിയുടെ ശരാശരി 96.23 ആണ്. ഇന്നത്തെ വിജയം മൂന്നാമത്തെ ഏകദിനത്തിലും ആവര്‍ത്തിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് മത്സരശേഷം മിതാലി പറഞ്ഞു.
ബേ ഓവല്‍ ഏകദിനത്തില്‍ മിതാലിയും ഓപ്പണര്‍ സ്മൃതി മന്ദാനയും ചേര്‍ന്നാണ് ഇന്ത്യയെ മികച്ച വിജയത്തിലേക്ക് നയിച്ചത്. ഒന്നാം ഏകദിനത്തില്‍ മിതാലിക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ഓപ്പണിങ് ബാറ്റ്സ് വുമണ്‍മാരായ മന്ദാനയും ജമീമയും ചേര്‍ന്ന് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. 33 ഓവര്‍ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ വിജയം. പക്ഷെ രണ്ടാം ഏകദിനത്തില്‍ മിതാലിക്ക് അവസരം ലഭിച്ചു.
ന്യൂസിലാന്റ് ഉയര്‍ത്തിയ 162 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ജമീമയേയും ദീപ്തി ശര്‍മ്മയേയും നഷ്ടമായി. പിന്നാലെ എത്തിയ മിതാലി മന്ദാനക്ക് ഒപ്പം ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. വളരെ ശാന്തതയോടെയായിരുന്നു മിതാലിയുടെ ബാറ്റിങ്. 102 പന്തുകളില്‍ നിന്നുമാണ് മിതാലി അര്‍ധ സെഞ്ചുറി തികച്ചത്. 111 പന്തുകള്‍ നേരിട്ടപ്പോള്‍ മിതാലി 63 റണ്‍സെടുത്തു.
ഇന്ത്യ ജയിച്ചെങ്കിലും മിതാലിയുടെ ബാറ്റിങ് ആരാധകര്‍ക്ക് ഇഷ്ടമായിട്ടില്ലന്നത് മറ്റൊരു വസ്തുതയാണ്. ഇരട്ടിയോളം പന്തുകള്‍ നേരിട്ടാണ് മിതാലി ഫിഫ്റ്റി നേടിയതെന്നാണ് ആരാധകര്‍ പറയുന്നത്. ധോണിയെ പോലെ മിതാലിയും തുഴയുകയാണെന്നും പ്രായം ആയെന്നും സോഷ്യല്‍ മീഡിയയില്‍ ചില ആരാധകര്‍ പറയുന്നു. മിതാലി കളി അവസാനിപ്പിക്കാന്‍ സമയമായെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.