scorecardresearch

വനിത ക്രിക്കറ്റിലെ ‘രാജ്’; മിതാലി യുഗം അവസാനിച്ചു

എല്ലാവരുടേയും പിന്തുണയ്‌ക്ക് നന്ദിയറിയിക്കുന്നുവെന്നും ജീവിതത്തിലെ രണ്ടാം ഇന്നിങ്സിന് എല്ലാ പിന്തുണയും ആശംസയും പ്രതീക്ഷിക്കുന്നതായും മിതാലി ട്വിറ്ററിൽ കുറിച്ചു

Mithali Raj

ഇന്ത്യൻ വനിത ക്രിക്കറ്റ് ഏകദിന -ടെസ്റ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം. എല്ലാവരുടേയും പിന്തുണയ്‌ക്ക് നന്ദിയറിയിക്കുന്നുവെന്നും ജീവിതത്തിലെ രണ്ടാം ഇന്നിങ്സിന് എല്ലാ പിന്തുണയും ആശംസയും പ്രതീക്ഷിക്കുന്നതായും മിതാലി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരമാണ് മിതാലി രാജ്. 1999-ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മിതാലി, 23 വർഷം നീണ്ട കരിയറിൽ ഇന്ത്യക്കായി 12 ടെസ്റ്റുകളും 232 ഏകദിനങ്ങളും 89 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

“രാജ്യത്തെ പ്രതിനിധീകരിക്കുന്നത് പരമോന്നത ബഹുമതിയാണ് ഇന്ത്യയുടെ നീലക്കുപ്പായത്തിൽ ഒരു കുഞ്ഞുകുട്ടിയായാണ് ഞാൻ കരിയർ ആരംഭിച്ചത്. ഉയർച്ചയും താഴ്ച്ചകളും നിറഞ്ഞതായിരുന്നു ആ യാത്ര. ഓരോ സംഭവങ്ങളും എന്നെ എന്തെങ്കിലുമൊക്കെ പഠിപ്പിച്ചു, കഴിഞ്ഞ 23 വർഷം എന്റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തവും വെല്ലുവിളി നിറഞ്ഞതും ആസ്വാദ്യകരവുമായ വർഷങ്ങളായിരുന്നു,” മിതാലി പറഞ്ഞു.

“എല്ലാ യാത്രകളെയും പോലെ ഇതിനും ഒരു അവസാനമുണ്ട്. ഇന്ന് ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്ന ദിവസമാണ്, ”മിതാലി പറഞ്ഞു.

വലംകൈ ബാറ്ററായ മിതാലി, ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള വനിതാ താരമാണ്. ഏകദിനത്തിൽ 7,805 റൺസാണ് സമ്പാദ്യം. കരിയറിൽ ഏഴു സെഞ്ചുറികളും 64 അർധസെഞ്ചുറികളും മിതാലി നേടിയിട്ടുണ്ട്.

“ഓരോ തവണയും ഇന്ത്യയെ വിജയിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ഞാൻ എന്റെ ഏറ്റവും മികച്ചത് നൽകി. ത്രിവർണ്ണ പതാകയെ പ്രതിനിധീകരിക്കാൻ എനിക്ക് ലഭിച്ച അവസരം ഞാൻ ഏറെ വിലമതിക്കുന്നതാണ്, ”അവർ പറഞ്ഞു.

“എന്റെ ക്രിക്കറ്റ് ജീവിതത്തിന് തിരശ്ശീലയിടാൻ പറ്റിയ സമയമാണിതെന്ന് എനിക്ക് തോന്നുന്നു, കാരണം ടീം വളരെ കഴിവുള്ള ചില യുവ കളിക്കാരുടെ കൈകളിലാണ്, ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വളരെ ശോഭനമാണ്” അവർ കൂട്ടിച്ചേർത്തു.

ടെസ്റ്റിൽ 12 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും നാല് അർധസെഞ്ചുറിയും ഉൾപ്പെടെ 699 റൺസാണ് മിതാലി നേടിയത്. കൂടാതെ ടി20യിൽ 17 അർധസെഞ്ചുറികളും 37.52 ശരാശരിയിൽ രാജ് 2364 റൺസ് നേടി. 97 നോട്ടൗട്ട് ആണ് ഉയർന്ന സ്കോർ.

“ആദ്യം ഒരു താരമെന്ന നിലയിലും പിന്നീട് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലും എനിക്ക് ലഭിച്ച എല്ലാ പിന്തുണക്കും ബിസിസിഐയ്ക്കും ശ്രീ ജയ് ഷാ സാറിനും (ഓണററി സെക്രട്ടറി, ബിസിസിഐ) നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

“ഇത്രയും വർഷം ടീമിനെ നയിക്കാനായത് അഭിമാനകരമായ കാര്യമാണ്. അത് തീർച്ചയായും ഒരു വ്യക്തിയെന്ന നിലയിൽ എന്നെ രൂപപ്പെടുത്തുകയും ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്തു, ”അവർ പറഞ്ഞു.

“ഈ യാത്ര അവസാനിച്ചിരിക്കാം, പക്ഷേ ഞാൻ ഇഷ്ടപ്പെടുന്ന ഗെയിമിൽ തുടരാനും ഇന്ത്യയിലും ലോകമെമ്പാടുമുള്ള വനിതാ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് സംഭാവന നൽകാനും ഞാൻ ആഗ്രഹിക്കുന്നു. എന്റെ എല്ലാ ആരാധകർക്കും പ്രത്യേക നന്ദി. നിങ്ങളുടെ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി,” അവൾ പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Mithali raj announces retirement from all forms of international cricket