മുംബൈ: ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലിലെ ടീമില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ നായിക മിതാലി രാജ്. സെമിയില്‍ തോറ്റ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. ഇതിന് പിന്നാലെ മിതാലിയെ ടീമിലെടുക്കാത്ത ക്യാപ്റ്റന്‍ ഹര്‍മീന്‍പ്രീത് കൗറിന്റേയും പരിശീലകന്‍ രമേശ് പവാറിന്റേയും തീരുമാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ വന്‍ വിവാദത്തിന് തിരശ്ശീല ഉയരുകയും ചെയ്തു.
വിവാദത്തില്‍ ആദ്യമായാണ് മിതാലി പ്രതികരിച്ചിരിക്കുന്നത്. ബിസിസിഐയ്ക്ക് എഴുതിയ കത്തിലൂടെയാണ് മിതാലിയുടെ പ്രതികരണം. രമേശ് പവാറിനെതിരേയും സിഒഎ അംഗവും മുന്‍ ഇന്ത്യന്‍ താരവുമായ ഡയാന എഡല്‍ജിയ്‌ക്കെതിരേയും ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ് മിതാലിയുടെ കത്ത്. ഡയാന തന്നോട് പക്ഷപാതപരമായിട്ടാണ് പെരുമാറിയതെന്നും പവാര്‍ തന്നെ അപമാനിച്ചെന്നും മിതാലി കത്തില്‍ ആരോപിക്കുന്നു.
അധികാരമുള്ള ചില ശക്തര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായാണ് മിതാലി പറയുന്നത്. താനെന്നും ഡയാനയെ ബഹുമാനിച്ചിട്ടുണ്ടെന്നും അവരില്‍ വിശ്വസിച്ചിരുന്നുവെന്നും പറഞ്ഞ മിതാലി, എന്നാല്‍ വിന്‍ഡീസില്‍ താന്‍ കടന്നു പോയതിനെ കുറിച്ച് അവരോടു തുറന്നു പറഞ്ഞിട്ടും തനിക്കെതിരെ രംഗത്തെത്തുമെന്ന് കരുതിയിരുന്നില്ലെന്നും പറഞ്ഞു. സത്യം അറിയാമായിരുന്നിട്ടും തന്നെ പുറത്താക്കാനുള്ള തീരുമാനത്തെ പിന്തുണച്ചത് തന്നെ ആഴത്തില്‍ വേദനിപ്പിച്ചെന്നും മിതാലി പറഞ്ഞു.
വിവാദത്തില്‍ സിഒഎ ഇടപെടില്ലെന്നും അത് ടീമിന്റെ തലവേദനയാണെന്നും ടീം മാനേജ്മെന്റിന്റേതാണ് അന്തിമ തീരുമാനമെന്നും ഡയാന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
”20 വര്‍ഷത്തെ കരിയറിനിടെ ആദ്യമായാണ് ഇത്രയും വിഷമം തോന്നുന്നത്. ചെറുതായതു പോലെ. രാജ്യത്തിന് വേണ്ടിയുള്ള എന്റെ സേവനം എന്നെ നശിപ്പിക്കാനും എന്റെ ആത്മവിശ്വാസത്തെ ഇല്ലാതാക്കാനും ശ്രമിക്കുന്ന ചിലര്‍ക്ക് മുന്നില്‍ ഒന്നുമല്ലെന്ന് ചിന്തിക്കേണ്ടി വന്നിരിക്കുകയാണ്” ബിസിസിഐയ്ക്കുള്ള കത്തില്‍ മിതാലി പറയുന്നു. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയ്ക്കും ജി.എം.സബാ കരീമിനുമാണ് മിതാലി കത്തെഴുതിയിരിക്കുന്നത്.
അതേസമയം, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനോട് തനിക്ക് യാതൊരു നീരസവുമില്ലെന്നും എന്നാല്‍ തന്നെ ടീമില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള പവാറിന്റെ തീരുമാനത്തെ അംഗീകരിച്ചത് വേദനിപ്പിച്ചെന്നും മിതാലി പറയുന്നു. രാജ്യത്തിന് വേണ്ടി ലോകകപ്പ് നേടുകയെന്നത് തന്റെ സ്വപ്‌നമാണെന്നും അത് നേടാനുള്ള സുവര്‍ണാവസരമാണ് നഷ്ടപ്പെടുത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോച്ച് രമേശ് പവാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് മിതാലി കത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്. ”ഞാന്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്ന സമയം അവഗണിച്ചു കൊണ്ട് അദ്ദേഹം അവിടെ നിന്നും പോവും. എന്നാല്‍ മറ്റുള്ളവര്‍ പ്രാക്ടീസ് ചെയ്യുന്ന സമയത്ത് അവിടെ നിന്ന് വേണ്ട നിർദേശങ്ങള്‍ നല്‍കുകയും ചെയ്യും. അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനായി ചെന്നാലും അവഗണനയാണ്. നടന്നു മാറുകയോ ഫോണില്‍ നോക്കിയിരിക്കുകയോ ചെയ്യും. നാണംകെടുത്തുന്നതായിരുന്നു അതെല്ലാം, എല്ലാവരും ഇതൊക്കെ കണ്ടിട്ടുള്ളതുമാണ്. എന്നിട്ടും ഞാന്‍ നിയന്ത്രണം വിട്ടില്ല” മിതാലി പറയുന്നു.
വിവാദവുമായി ബന്ധപ്പെട്ട് മിതാലി, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്, മാനേജര്‍ തൃപ്തി ഭട്ടാചാര്യ എന്നിവരുമായി ജോഹ്രിയും കരീമും വേറെ വേറായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരിശീലകന്‍ രമേശ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സിഒഎയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.