പെർത്ത്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ അത്ഭുത പന്തെറിഞ്ഞ് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ഇംഗ്ലീഷ് താരം ജയിംസ് വിൻസിന്റെ വിക്കറ്റ് പിഴുത മിച്ചൽ സ്റ്റാർക്കിന്റെ പന്താണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. ആഷസ് ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ച പന്തായാണ് ഇടങ്കയ്യൻ പേസർ മിച്ചൽ സ്റ്റാർക്കിന്റെ പ്രകടനത്തെ വിലയിരുത്തുന്നത്.

പെർത്തിൽ തോൽവി ഒഴിവാക്കാൻ പൊരുതുന്ന ഇംഗ്ലണ്ടിന് വേണ്ടി പൊരുതുകയായിരുന്നു ജെയിംസ് വിൻസ്. 55 റൺസോടെ ക്രീസിൽ നിൽക്കുമ്പോൾ ജെംയിസ് വിൻസിന്റെ വിക്കറ്റ് സ്റ്റാർക്ക് തെറുപ്പിക്കുന്നത്. എറൗണ്ട് ദ വിക്കറ്റ് എൻഡിലൂടെ പന്തെറിയാൻ എത്തിയ സ്റ്റാർക്ക് തൊടുത്തുവിട്ട ഔട്ട്സിങ്ങ്വറിലാണ് വിൻസിന്റെ കുറ്റി തെറിച്ചത്. ഇന്‍സ്വിങറെന്ന് തോന്നിച്ച പന്ത് വിൻസിന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് പുറത്തേക്ക് സ്വിങ് ചെയ്യുകയായിരുന്നു. 146.7 കിലോമീറ്റർ വേഗതയിൽ വന്ന പന്ത് വിൻസിന്റെ 2 സ്റ്റംമ്പുകളും പിഴുതാണ് കടന്ന് പോയത്.

ക്രിക്കറ്റ് ഇതിഹാസം വസീം അക്രം മിച്ചൽ സ്റ്റാർക്കിന്റെ പന്തിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ഇടങ്കയ്യൻ പേസർമാർക്ക് അഭിമാനം തോന്നുന്ന പ്രകടനമാണ് സ്റ്റാർക്ക് കാഴ്ചവച്ചതെന്നും അക്രം പറഞ്ഞു. ആഷസിന്റെ പന്ത് എന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണും നൂറ്റാണ്ടിന്റെ പന്തെന്ന് സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണും സ്റ്റാര്‍ക്കിന്റെ ബോളിനെ വിലയിരുത്തി.

ക്രിക്കറ്റ് ചരിത്രത്തിലെ ഏത് ബാറ്റ്സ്മാന്റെയും വിക്കറ്റെടുക്കും ആ ബോളെന്നായിരുന്നു ജിമ്മി നീഷാമിന്റെ കമ്മന്റ്. ഡാമിയന്‍ ഫ്ളെമിങ്, മിച്ചല്‍ ജോണ്‍സണ്‍, അലന്‍ ഡൊണാള്‍ഡ് തുടങ്ങിയവരും പന്തിനെ അഭിനന്ദിച്ചു.

ലോക ക്രിക്കറ്റിലെ മികച്ച പേസര്‍മാരില്‍ ഒരാളാണ് ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് വിലിയിരുത്തപ്പെടുന്നത്. 150കിമിയിലേറെ വേഗത്തില്‍ വരുന്ന സ്വിങ്ങറുകളാണ് സ്റ്റാര്‍ക്കിനെ അപകടകാരിയാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ