ഓസീസ് താരം മിച്ചൽ സ്റ്റാർക് ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ കളിക്കില്ല. തനിക്കു നാട്ടിലേക്ക് മടങ്ങണമെന്ന് സ്റ്റാർക് ഓസീസ് ക്രിക്കറ്റ് ടീം പരിശീലകൻ ജസ്റ്റിൻ ലാംഗറിനോട് ആവശ്യപ്പെട്ടു. നാട്ടിലേക്ക് പോകാനുള്ള കാരണം ചോദിച്ചറിഞ്ഞപ്പോൾ ലാംഗർ പൂർണ സമ്മതം മൂളി. ഭാര്യ സ്വന്തം രാജ്യത്തിനുവേണ്ടി ലോകകപ്പ് ഫെെനൽ കളിക്കുന്നത് കാണാനാണ് സ്റ്റാർക് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരം ഉപേക്ഷിച്ചത്.

ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്നാണ് നടക്കുന്നത്. ദക്ഷിണാഫ്രിക്കയിലാണ് മത്സരങ്ങൾ നടക്കുന്നത്. അതേസമയം, വനിതകളുടെ ടി 20 ലോകകപ്പ് ഫെെനൽ നാളെയാണ്. ഓസ്‌ട്രേലിയയിലാണ് ടി 20 ലോകകപ്പ് പുരോഗമിക്കുന്നത്. ആതിഥേയരായ ഓസ്‌ട്രേലിയയും കരുത്തരായ ഇന്ത്യയും തമ്മിൽ കലാശപോരാട്ടത്തിൽ ഏറ്റുമുട്ടും.

Read Also: മാധ്യമ വിലക്ക്: ഏഷ്യാനെറ്റ് ന്യൂസ് തിരിച്ചെത്തി

ഓസ്‌ട്രേലിയക്കു വേണ്ടി കളത്തിലിറങ്ങുന്ന ടീമിൽ മിച്ചൽ സ്റ്റാർകിനു ഏറ്റവും പ്രിയപ്പെട്ടവൾ ഉണ്ട്. സ്റ്റാർകിന്റെ ഭാര്യ അലിസ ഹീലി ടി 20 ഫെെനലിൽ രാജ്യത്തിനുവേണ്ടി കളിക്കുന്നുണ്ട്. ഭാര്യയുടെ പോരാട്ടം നേരിൽ കാണുന്നതിനുവേണ്ടിയാണ് സ്റ്റാർക് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരം ഉപേക്ഷിച്ചത്.

സ്വന്തം രാജ്യത്ത് ഇതുപോലൊരു സുവർണാവസരം വളരെ വിരളമായി മാത്രമേ ലഭിക്കൂ എന്ന് മനസിലാക്കിയ ഓസീസ് ടീം പരിശീലകൻ ജസ്റ്റിൻ ലാംഗർ സ്റ്റാർകിനെ ഓസ്‌ട്രേലിയയിലേക്ക് പോകാൻ അനുവദിക്കുകയും ചെയ്‌തു. “വളരെ പ്രധാനപ്പെട്ടതും പ്രത്യേകതയുള്ളതുമായ അവസരമാണിത്. അതുകൊണ്ട് സ്റ്റാർകിനെ പോകാൻ അനുവദിക്കുന്നു. കായിക ജീവിതത്തിൽ ഒരിക്കൽ മാത്രമേ സ്വന്തം നാട്ടിൽ ലോകകപ്പ് ഫെെനൽ കളിക്കാൻ സാധിക്കൂ.” ലാംഗർ പറഞ്ഞു.

Read Also: Horoscope Today March 07, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും ഓസ്‌ട്രേലിയ പരാജയപ്പെട്ടിരുന്നു. ആദ്യ ഏകദിനത്തിൽ സ്റ്റാർക് ഒരു വിക്കറ്റും രണ്ടാം ഏകദിനത്തിൽ രണ്ട് വിക്കറ്റുമാണ് നേടിയത്. അതേസമയം, സ്റ്റാർകിന്റെ പ്രിയസഖി അലിസ ഹീലി ടി 20 ലോകകപ്പിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇന്ത്യക്കെതിരെയുള്ള ഫെെനലിൽ ഓസ്‌ട്രേലിയയുടെ തുറുപ്പുചീട്ടാണ് ഹീലി. ഗ്രൂപ്പ് പോരാട്ടത്തിൽ ഇന്ത്യക്കെതിരെ 53 റൺസും ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 83 റൺസും ഹീലി നേടിയിരുന്നു.

Alyssa Healy, Mitchell Starc, Alyssa Healy and Mitchell Starc, Women's T20 World cup, India vs Australia T20 Final

സ്റ്റാർകും ഹീലിയും

ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ 2015-ലാണ് മിച്ചൽ സ്റ്റാർക്കും ഹീലിയും വിവാഹിതരായത്. ഒൻപതാം വയസ്സിൽ ക്രിക്കറ്റ് പരിശീലനം ആരംഭിച്ച സ്റ്റാർക് ആ പരിശീലന കാലയളവിലാണ് ഹീലിയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും അടുത്തു, പ്രണയത്തിലായി. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായി. 2010 ലാണ് ഇരുവരും ദേശീയ ടീമിലെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook