മുംബൈ: വിവാദങ്ങളില്‍ വലയുന്ന ഓസ്‌ട്രേലിയന്‍ ടീമിന് വീണ്ടും തിരിച്ചടി. സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പരമ്പരയിലെ നാലാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ നിന്നും പുറത്തായിരിക്കുകയാണ്. കാലിനേറ്റ പരുക്കുമൂലമാണ് സ്റ്റാര്‍ക്ക് നാലാം ടെസ്റ്റില്‍ നിന്നും പിന്മാറിയത്.

നാലാം ടെസ്റ്റിന് പുറമെ ഈ സീസണിലെ ഐപിഎല്ലില്‍ നിന്നും താരം പിന്മാറി. 9.4 കോടിയ്ക്ക് സ്റ്റാര്‍ക്കിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കനത്ത തിരിച്ചടിയാകും ഇത്. ക്രിസ് ലിന്നിന്റേയും ആന്ദ്രേ റസലിന്റേയും പരുക്ക് വിലങ്ങു തടിയായി നില്‍ക്കുന്നതിനിടെയാണ് സ്റ്റാര്‍ക്കും പിന്‍മാറുന്നത്.

കാലിന് പരുക്കേറ്റ സ്റ്റാര്‍ക്ക് ടെസ്റ്റ് പരമ്പരയിലെ അവസാന മൽസരം കളിക്കില്ലെന്നും നാട്ടില്‍ തിരികെയെത്തിയ ഉടന്‍ ചികിത്സയില്‍ പ്രവേശിക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് അറിയിച്ചത്. താരത്തിന് ഐപിഎല്ലും നഷ്ടമാകുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാനമായി കളിച്ച മൂന്ന് ടെസ്റ്റില്‍ നിന്നുമായി 12 വിക്കറ്റുകള്‍ നേടിയിട്ടുള്ള സ്റ്റാര്‍ക്കിന്റെ അഭാവം ടീമിന് വലിയ ആഘാതമാകും.

സ്റ്റാര്‍ക്കിന്റെ അഭാവം ചാഡ് സായേഴ്‌സിന് അരങ്ങേറ്റത്തിനുള്ള അവസരം നല്‍കും. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ബാന്‍ക്രോഫ്റ്റും ടീമില്‍ നിന്നും പുറത്താക്കപ്പെട്ട സാഹചര്യത്തില്‍ ഇത് നാലാമത്തെ മാറ്റമാണ് ഓസീസ് ടീമില്‍ സംഭവിക്കുന്നത്. ഇതോടെ പരമ്പരയിലെ അവസാന മൽസരവും തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും സമ്മര്‍ദ്ദം നിറഞ്ഞ ടെസ്റ്റും ജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഓസീസിന് സ്റ്റാര്‍ക്കിന്റെ അഭാവം വെല്ലുവിളിയാകും.

അതേസമയം തുടര്‍ച്ചയായ മൂന്നാം ഐപിഎല്ലാണ് സ്റ്റാര്‍ക്കിന് നഷ്ടമാകുന്നത്. 2016 ല്‍ പരുക്കു മൂലവും കഴിഞ്ഞ സീസണില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ശ്രദ്ധ ചെലുത്താനുമായി ടൂര്‍ണമെന്റില്‍ നിന്നും സ്റ്റാര്‍ക്ക് വിട്ടു നിന്നിരുന്നു. 27 ഐപിഎല്‍ മൽസരങ്ങള്‍ കളിച്ച സ്റ്റാര്‍ക്ക് 34 വിക്കറ്റും നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ