ഓസ്ട്രേലിയൻ ഓൾറൗണ്ടറും ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരബാദ് താരവുമായ മിച്ചൽ മാർഷിന്റെ പരുക്ക് ഗുരുതരം. ഈ സീസണിലെ ഹൈദരബാദിന്റെ ആദ്യ ഐപിഎൽ മത്സരത്തിനിടെയാണ് മാർഷിനു പരുക്കേറ്റത്.
ഇന്നലെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെയായിരുന്നു ഹൈദരബാദിന്റെ ആദ്യ മത്സരം. കണങ്കാലിനു പരുക്കേറ്റ മിച്ചൽ മാർഷ് ഏറെ പ്രയാസപ്പെട്ടാണ് ബാറ്റിങ്ങിനു ഇറങ്ങിയത്. ബോളിങ്ങിനിടെയാണ് മാർഷിനു പരുക്കേറ്റത്. അഞ്ചാം ഓവർ എറിയാനെത്തിയത് മാർഷ് ആണ്. ഈ ഓവറിലെ രണ്ടാം പന്തിൽ മാർഷിന്റെ കാലിനു പരുക്കേറ്റു.
ബാംഗ്ലൂർ താരം ആരോൺ ഫിഞ്ചിന്റെ ഷോട്ട് തടുക്കാൻ ശ്രമിക്കുന്നതിനിടെ കണങ്കാൽ തിരിയുകയായിരുന്നു. ശക്തമായ വേദനയെ തുടർന്ന് മാർഷ് ക്രീസിൽ വീണു. കാൽ വേദനയുംവച്ച് ആ ഓവറിലെ രണ്ട് പന്തുകൾ കൂടി മാർഷ് എറിഞ്ഞു. എന്നാൽ, പിന്നീട് വേദന കൂടിയതിനാൽ ഒരു ഓവർ പൂർത്തിയാക്കാൻ പോലും അദ്ദേഹത്തിനു സാധിച്ചില്ല. ഓവർ പൂർത്തിയാകാൻ രണ്ട് പന്തുകൾ ശേഷിക്കെ മാർഷ് കൂടാരം കയറി. പിന്നീട് ഫീൽഡ് ചെയ്യാനും താരം എത്തിയില്ല.
Read Also: യുവരാജിനെയും സേവാഗിനെയും പോലെ; ആർസിബിയുടെ ഹീറോയായ ദേവ്ദത്ത് പടിക്കൽ ആരാണ്?
എന്നാൽ, നിർണായക സമയത്ത് ബാറ്റ് ചെയ്യാൻ മാർഷ് ഇറങ്ങി. അപ്പോഴും കാൽ വേദന താരത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. ക്രീസിൽ നിൽക്കാൻ പോലും അദ്ദേഹം ബുദ്ധിമുട്ടിയിരുന്നു. മാർഷിന്റെ പരുക്ക് ഗുരുതരമാണെന്നും ഐപിഎല്ലിൽ ഇനി ശേഷിക്കുന്ന മത്സരങ്ങൾ അദ്ദേഹത്തിനു കളിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും സൺറൈസേഴ്സ് ഹൈദരബാദ് മാനേജ്മെന്റുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു. ഇക്കാര്യത്തിൽ ടീം ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ മികവ് പുലർത്താൻ കഴിവുള്ള താരമാണ് മാർഷ്. അതുകൊണ്ട് തന്നെ സൺറൈസേഴ്സ് ഹൈദരബാദിന് മാർഷിന്റെ അസാന്നിധ്യം വലിയ തിരിച്ചടിയാകും.