ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ ഓസ്ട്രേലിയന്‍ താരം മിച്ചല്‍ ജോണ്‍സന് എന്നും കൊതിയാണ്. 2013-14 ആഷസ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തതും ജോണ്‍സണായിരുന്നു. അന്ന് 37 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അങ്ങനെയൊരു അവസരം കിട്ടാതെ ഇരിക്കുമ്പാഴാണ് പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനായി അദ്ദേഹം കളിക്കുന്നത്. ഇംഗ്ലണ്ട് ലയണ്‍സിന് എതിരായ മത്സരത്തില്‍ വീറൊട്ടും കുറയാതെയാണ് അദ്ദേഹം മത്സരിച്ചത്.

സ്ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്തിരുന്ന അദ്ദേഹം കാഴ്ചക്കാരെ മുഴുവന്‍ അമ്പരപ്പിക്കുന്ന ഫീല്‍ഡിങ്ങാണ് നടത്തിയത്. ബൗണ്ടറി തൊടാന്‍ പോയ പന്ത് ഡൈവ് ചെയ്ത് എടുത്ത അദ്ദേഹം ശക്തമായി സ്റ്റംമ്പിലേക്ക് എറിയുകയായിരുന്നു. ബൗണ്ടറി ലൈനിന് അടുത്ത് നിന്ന് എറിഞ്ഞ പന്ത് കൃത്യമായി കുറ്റി തെറിപ്പിച്ച് ഡോം ബോസിനെ കൂടാരം കയറ്റി.

എന്നാല്‍ മത്സര ശേഷം പ്രതികരിച്ച ജോണ്‍സണ്‍ താനും ആശ്ചര്യപ്പെട്ടതായി പറഞ്ഞു. താന്‍ പന്തെറിയുന്നതില്‍ അത്രയൊന്നും പരിശീലനം നടത്താത്തയാളാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതെല്ലാം ഭാഗ്യത്തിന്റെ കളിയാണെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ