പെര്‍ത്ത്: ഇന്ത്യന്‍ ആരാധകരുമായി ട്വിറ്റര്‍ യുദ്ധത്തിലായിരുന്നു ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. ഇന്ത്യയെ ട്രോളിയും ആരാധകരുടെ അമര്‍ഷം ഏറ്റുവാങ്ങിയും ജോണ്‍സണ്‍ ട്വിറ്ററില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെയായിരുന്നു ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ ജോണ്‍സണ്‍ പുകഴ്ത്തിയ വാര്‍ത്ത പുറത്ത് വരുന്നത്. ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് ‘ശത്രു’വിന്റെ വാക്കുകള്‍ ഇന്ത്യന്‍ ആരാധകര്‍ അങ്ങ് ഏറ്റെടുത്തു. പക്ഷെ ഇപ്പോള്‍ താരം തന്നെ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ ഇന്ത്യന്‍ ആരാധകരെ ഏറെ വിഷമത്തിലാക്കിയിരിക്കുകയാണ്. തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നാണ് ജോണ്‍സണിന്റെ വെളിപ്പെടുത്തല്‍.

”എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ബോളര്‍ ജസ്പ്രീത് ബുംറയാണ്. വ്യത്യസ്തമായ ആക്ഷനാണ്. അതേസമയം, ലൈനും ലെങ്തും പാലിച്ച് സ്ഥിരതയോടെ എറിയുന്നു. മോശം പന്തുകള്‍ അപൂര്‍വ്വമായേ എറിയാറുള്ളൂ. അതുകൊണ്ട് തന്നെ ബാറ്റ്‌സ്മാന്മാര്‍ക്ക് ബുംറയെ നേരിടുകയെന്നത് ഏറെ ബുദ്ധിമുട്ടും രണ്ടാമതൊന്ന് ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ്. ഒരു വശത്ത് അവന്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദമാണ് മറുവശത്ത് വിക്കറ്റായി വീഴുന്നത്” എന്നായിരുന്നു ജോണ്‍സണിന്റെ പേരില്‍ പ്രചരിച്ച വാക്കുകള്‍. ഐസിസിയുടെ തന്നെ വാര്‍ത്തയായിരുന്നു ഇതെന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്നത്.

എന്നാല്‍ താന്‍ ആരോടും അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ജോണ്‍സണ്‍ പറയുന്നത്. ഐസിസി വാര്‍ത്ത റീട്വീറ്റ് ചെയ്തു കൊണ്ടാണ് ജോണ്‍സണ്‍ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയത്.

”ഇതെവിടുന്നു വന്നു? എനിക്ക് ഓര്‍മ്മയില്ലല്ലോ? ആരാണ് ഇതെഴുതിയത്? ഇതിലെ ചില കാര്യങ്ങള്‍ ഞാന്‍ അംഗീകരിക്കുന്നുണ്ട്, പക്ഷെ ആര്‍ക്കു മുന്നിലും ഇരുന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല” എന്നായിരുന്നു ജോണ്‍സണിന്റെ ട്വീറ്റ്. മിച്ചല്‍ ജോണ്‍സണിന്റേതെന്ന പേരില്‍ ഐസിസിയുടെ പേജില്‍ വന്ന അഭിമുഖത്തിലെ വാക്കുകളായിരുന്നു അത്. എന്നാല്‍ താന്‍ ആരുമായി അഭിമുഖം നടത്തിയിട്ടില്ലെന്ന് താരം തന്നെ വ്യക്തമാക്കിയതോടെ ഐസിസി ഇന്റര്‍വ്യൂ ഡിലീറ്റ് ചെയ്യുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ