ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം മൽസരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം 5 വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ശിഖർ ധവാന്റെ സെഞ്ചുറിയും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ അർധസഞ്ചുറിയും നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുമെന്ന് ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി എത്തിയ മഴ ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകളെയെല്ലാം തച്ചുടച്ചു. നാലാം ഏകദിനത്തിൽ ജയം ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തമായി.

നാലാം ഏകദിനത്തിലും ഇന്ത്യ ജയിക്കുമായിരുന്നെന്നും വിട്ടു കളഞ്ഞ രണ്ടു അവസരങ്ങളാണ് ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചതെന്നുമാണ് ശിഖർ ധവാൻ പറയുന്നത്. ഡേവിഡ് മില്ലറിന്റെ വിക്കറ്റ് വിട്ടു കളഞ്ഞതും യുസ്‌വേന്ദ്ര ചാഹലിന്റെ നോ ബോളുമായിരുന്നു ഇന്ത്യയുടെ തോൽവിക്ക് കാരണമെന്ന് ധവാൻ പറഞ്ഞു.

ഡേവിഡ് മില്ലറിന്റെ ക്യാച്ച് ശ്രേയസ് അയ്യർ വിട്ടു കളഞ്ഞതാണ് കളിയിൽ നിർണായകമായത്. ശ്രേസയ് ആ ക്യാച്ച് വിട്ടു കളയാതിരുന്നുവെങ്കിൽ കളി മാറിമറിഞ്ഞേനെ. യുസ്‌വേന്ദ്ര ചാഹൽ പിന്നീട് മില്ലറുടെ കുറ്റി പിഴുതെങ്കിലും നോ ബോൾ ആയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഈ രണ്ടു അവസരങ്ങളും ഇന്ത്യയ്ക്ക് അനുകൂലമായിരുന്നുവെങ്കിൽ ഇന്ത്യ വിജയം കൈപ്പിടിയിൽ ഒതുക്കിയേനെയെന്നും ധവാൻ പ്രത്യാശ പ്രകടിപ്പിച്ചു.

മൽസരത്തിനിടെ മഴ വില്ലനായി എത്തിയതും തോൽവിക്ക് കാരണമായി. മഴമൂലം സ്‌പിന്നർമാർക്ക് പന്ത് ടേൺ ചെയ്യിക്കാൻ സാധിച്ചില്ല. ഇതും തോൽവിക്ക് ഇടയാക്കിയെന്നും ധവാൻ പറഞ്ഞു.

ഇന്ത്യ 200 റൺസ് എത്തിനിൽക്കുമ്പോഴാണ് മഴ പെയ്തത്. ഒടുവിൽ ഇന്ത്യയുടെ കളി 289 ൽ അവസാനിച്ചു. മഴ മൂലം കളി വൈകിയതിനാൽ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 28 ഓവറിൽ 202 റൺസായി പുനർനിശ്ചയിച്ചു. 15 പന്ത് ശേഷിക്കെ ദക്ഷിണാഫ്രിക്ക വിജയം കണ്ടു. ആറു മൽസരങ്ങളുള്ള ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിജയമായിരുന്നു ജൊഹന്നാസ്ബർഗ്ഗിലേത്. പരമ്പരയിൽ ഇന്ത്യ 3-1 ന് മുന്നിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook