ബെംഗളുരു:ഐ ലീഗില്‍ ചരിത്രം കുറിച്ച് മിനര്‍വ പഞ്ചാബ് എഫ്‌സി. ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി മിനര്‍വ ഐ ലീഗ് കിരീടത്തല്‍ മുത്തമിട്ടു. സൂപ്പര്‍ താരം വില്യം ഒപോകുയുടെ ഗോളിലായിരുന്നു മിനര്‍വയുടെ വിജയം.

ഇന്നു നടന്ന മറ്റ് മത്സരങ്ങളില്‍ രണ്ടും മൂന്നും സ്ഥാനക്കാരായ നെറോക്ക എഫ്‌സിയും മോഹന്‍ ബഗാനും സമനില വഴങ്ങിയതോടെയാണ് മിനര്‍വ കിരീടം ഉറപ്പിച്ചത്. നെറോക്കയെ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനെ ഗോകുലം കേരളാ എഫ്‌സിയും ആയിരുന്നു സമനിലയില്‍ തളച്ചത്. വിജയത്തോടെ മിനര്‍വയുടെ പോയിന്റ് 35 ആയി ഉയര്‍ന്നിരുന്നു.

തൊട്ടു പി്ന്നിലുള്ള നെറോക്കയ്ക്ക് 32 പോയന്റ് മാത്രമാണുള്ളത്. ഐ ലീഗ് കിരീടം നേടുന്ന ആദ്യ ഉത്തരേന്ത്യന്‍ ക്ലബ്ബായും ഇതോടെ മിനര്‍വ മാറി. പോയവര്‍ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കിരീടം എത്തിച്ച ഐസ്വാള്‍ എഫ്‌സിയുടെ പാത പിന്തുടര്‍ന്ന് ഫുട്‌ബോളിന്റെ പുതു വസന്തമായി മാറിയിരിക്കുകയാണ് മിനര്‍വ.

സമനിലയോടെ ഗോകുലം ലീഗില്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.ഇതോടെ ടീമിന്റെ സൂപ്പര്‍ കപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇനി പ്ലേ ഓഫ് കളിച്ച് ജയിച്ചാലാണ് ടീമിന് സൂപ്പര്‍ കപ്പ് യോഗ്യത നേടാനാവുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ