കേപ്ടൗണ്‍: കളി ജയിപ്പിക്കുന്നത് ബാറ്റ്‌സ്മാന്മാരും ബോളര്‍മാരും മാത്രമല്ല, ഒരു റണ്‍ പോലും തടയുന്ന, ഗതി മാറ്റുന്ന ക്യാച്ചുകളെടുക്കുന്ന ഫീല്‍ഡര്‍മാരും കൂടെയാണ്. ഒരു ഫീല്‍ഡര്‍ക്ക് എങ്ങനെ കളി ജയിപ്പിക്കാനാകും എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറുകയാണ് ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍. പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തന്റെ അസാമാന്യ ഫില്‍ഡിങ് മികവിലൂടെ വിജയം നേടി കൊടുത്ത മില്ലര്‍ കളിയിലെ കേമനും ആയിരിക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 192 റണ്‍സ് നേടി. രണ്ടാം വിക്കറ്റില്‍ ഡുപ്ലെസിസും റീസ ഹെൻട്രിക്‌സും ചേര്‍ന്ന് നേടിയ 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് പോര്‍ട്ടീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാനെ മില്ലറുടെ ഫീല്‍ഡിങ്ങിന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്ക 186 പുറത്താക്കുകയും ചെയ്തു. ഇതോടെ ‘ഫീല്‍ഡിങ് ഓള്‍ റൗണ്ടര്‍’ മില്ലറെ തേടി പ്ലെയര്‍ ഓഫ് ദ മാച്ചുമെത്തി.

ബാബര്‍ അസമിന്റെ റണ്ണൗട്ടായിരുന്നു ആദ്യം. ബൗണ്ടറി ലക്ഷ്യമാക്കിയുള്ള ഷൊയ്ബ് മാലിക്കിന്റേയും ആസിഫ് അലിയുടേയും ഷോട്ടുകളെല്ലാം മില്ലര്‍ തടുത്തു. പിന്നാലെ മാലിക്കും ആസിഫും ഇമാദും മില്ലര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഇതിന് പിന്നാലെ മുഹമ്മദ് റിസ്വാനെ റണ്ണൗട്ടാക്കി മില്ലര്‍. ഹസന്‍ അലിയേയും കൂടി ക്യാച്ച് ചെയ്ത് പുറത്താക്കിയതോടെ ഔട്ട് ഫീല്‍ഡ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരം എന്ന റെക്കോര്‍ഡും മില്ലര്‍ സ്വന്തം പേരിലാക്കി. നാല് ക്യാച്ചും രണ്ട് റണ്ണൗട്ടുമായി ആറ് പേരെയാണ് മില്ലര്‍ കൂടാരം കയറ്റിയത്.

നേരത്തെ ബാറ്റിങ്ങില്‍ നിന്നും 10 റണ്‍സ് മാത്രമേ മില്ലര്‍ക്ക് നേടാനായിരുന്നുള്ളൂ. ഫീല്‍ഡിങ് മികവു കൊണ്ട് കളിയിലെ കേമനായിട്ടുള്ള സ്വന്തം നാട്ടുകാരന്‍ ജോണ്ടി റോഡ്‌സിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു മില്ലറുടെ പ്രകടനം. ഇതോടെ തുടര്‍ച്ചയായ 11 ട്വന്റി-20 മത്സരങ്ങള്‍ ചേസ് ചെയ്ത് ജയിച്ച ശേഷം പാക്കിസ്ഥാന്‍ പരാജയം നുണഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook