ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തുടക്കത്തിൽ നേരിട്ട തിരിച്ചടികളിൽ നിന്ന് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ചെന്നൈ തൊട്ടുമുന്നിലുള്ള ഹൈദരാബാദിനെതിരെ സീസണിലെ രണ്ടാം ജയമാണ് ലക്ഷ്യമിടുന്നത്. ഇത്തവണയും എല്ലാ കണ്ണുകളും ധോണിയിലേക്കാണ്. കഴിഞ്ഞ രണ്ട് തവണയും പാളിപോയ തന്ത്രങ്ങളിൽ നിന്ന് വിജയത്തിലേക്ക് ഗിയർ മാറേണ്ട സമയമാണ്. മത്സരത്തിൽ വ്യക്തിപരമായ ഒന്നിലധികം നേട്ടങ്ങളും ധോണിയെ കാത്തിരിക്കുന്നുണ്ട്. അത്തരത്തിൽ ഹൈദരാബാദിനെതിരെ ധോണിക്ക് മറികടക്കാവുന്ന പ്രധാന നാഴികകല്ലുകൾ ഏതൊക്കെയെന്ന് നോക്കാം.

സമകാലിന ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫിനിഷർമാരിൽ ഒരാളായ ധോണി കൂറ്റൻ സിക്സറഉകൾക്കു പേരുകേട്ട താരമാണ്. ഇതുവരെ ടി20യിൽ 298 സിക്സറുകൾ പായിച്ച ധോണിക്ക് ഇന്ന് രണ്ട് സിക്സറുകൾ കൂടി കണ്ടെത്താനായാൽ കുട്ടിക്രിക്കറ്റ് ഫോർമാറ്റിൽ 300 സിക്സറുകൾ തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാകാൻ സാധിക്കും. 368 സിക്സറുകളുമായി രോഹിത് ശർമയും 311 സിക്സറുകൾ പായിച്ച സുരേഷ് റെയ്നയുമാണ് ഇതിനോടകം ടി20യിൽ 300 സിക്സറുകളെന്ന നേട്ടം കൈവരിച്ചവർ.

Also Read: ഇഷ്ടതാരം സഞ്ജു, രാജസ്ഥാനെ പിന്തുണയ്ക്കാനുള്ള കാരണവും അത് തന്നെ; മനസ് തുറന്ന് സ്‌മൃതി മന്ദന

അതേസമയം ഇന്ന് ഏഴ് സിക്സറുകൾ പായിച്ചാൽ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സറുകൾ അടിക്കുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താൻ ധോണിക്ക് സാധിക്കും. 396 സിക്സുകൾ അടിച്ച വിൻഡീസ് താരം ക്രിസ് ഗെയ്‌ലാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള എബി ഡി വില്ലിയേഴ്സിന്റെ അക്കൗണ്ടിൽ 219 സിക്സുകളാണുള്ളത്. ഐപിഎല്ലിൽ 200 സിക്സുകൾ പായിച്ച ഏക ഇന്ത്യൻ താരമായ ധോണിക്ക് ഈ നേട്ടവും കൈവരിക്കാനാകുമെന്നാണ് കരുതുന്നത്.

ഐപിഎല്ലിൽ 4500 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാകാനും ഇന്നത്തെ മത്സരത്തിൽ ധോണിക്ക് സാധിച്ചേക്കും. ഇന്നലെ ഐപിഎല്ലിൽ 5000 തികച്ച രോഹിത് ശർമ ഉൾപ്പടെ മൂന്ന് താരങ്ങളാണ് ഇതിനുമുമ്പ് ഈ നേട്ടം മറികടന്നത്. ഹൈദരാബാദിനെതിരെ 24 റൺസ് നേടിയാൽ സുരേഷ് റെയ്നയ്ക്കും വിരാട് കോഹ്‌ലിക്കും രോഹിത് ശർമയ്ക്കും ശേഷം 4500 റൺസ് കണ്ടെത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാകും ധോണി.

Also Read: ഇനി കളിക്കില്ല; റെയ്‌നയുടെ പേര് വെട്ടി ചെന്നൈ

ഇതുവരെ ബാറ്റിങ്ങിന്റെ കാര്യമായിരുന്നെങ്കിൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായ ധോണിക്ക് വിക്കറ്റ് കീപ്പിങ് ഗ്ലൗസിലും ഒരു നേട്ടം കാത്തിരിക്കുന്നു. ദിനേശ് കാർത്തിക്കിന് ശേഷം 100 ഐപിഎൽ ക്യാച്ചുകൾ തികയ്ക്കുന്ന വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് ധോണിയെ കാത്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook