ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ആണെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കള്‍ വോണ്‍. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്താണോ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണോ ഏറ്റവും നല്ല ബാറ്റ്‌സ്മാന്‍ എന്നത് ക്രിക്കറ്റ് ലോകം ഏറെ നാളായി തര്‍ക്കിച്ചുക്കൊണ്ടിരിക്കുന്നതിനിടെയാണ് വോണിന്റെ കടന്നുവരവ്.

ഓസ്‌ട്രേലിയ ഇംഗ്ണ്ട് ആഷസ് ടെസ്റ്റ് മത്സരത്തില്‍ സ്മിത്ത് ഇരട്ട സെഞ്ച്വറി നേടി റെക്കോര്‍ഡ് ഇട്ടതിന്റെ പശ്ചാത്തലത്തിലാണ് വോണിന്റെ ട്വീറ്റ്. 24 വര്‍ഷത്തിനിടെ ഒരു ഓസിസ് നായകന്‍ ആഷസില്‍ ഇരട്ടസെഞ്ച്വറി നേടുന്നത് ഇതാദ്യമാണ്. ‘എല്ലാ ഫോര്‍മാറ്റുകളിലെയും മികച്ച കളിക്കാരനാണ് വിരാട് കോഹ്‌ലി എന്നാല്‍ സ്റ്റീവ് സ്മിത്ത് ടെസ്റ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് എന്നാണ്’ മൈക്കിള്‍ വോണ്‍ അഭിപ്രായപ്പെട്ടത്.
വോണിന്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചും അനുകൂലിച്ചും നിരവധി ആളുകള്‍ രംഗത്തെത്തി.

ആഷസ് പരമ്പരയിൽ സെഞ്ചുറി നേടി പുതിയ റെക്കോർഡിട്ട സ്റ്റീവ് സ്മിത്ത് ടെസ്റ്റ് കരിയറിലെ 22-ാം സെഞ്ചുറിയാണ് ഇന്നലെ നേടിയത്. ഇതോടെ ഏറ്റവും വേഗതയിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന മൂന്നാമത്തെ താരമായി സ്മിത്ത് മാറി. 108 ഇന്നിങ്സുകളിൽനിന്നാണ് സ്മിത്ത് 22 സെഞ്ചുറികൾ നേടിയത്.

19 ഫോറുകളും ഒരു സിക്സും അടങ്ങിയ ഇന്നിംഗ്സോടെ ടെസ്റ്റിലെ താരം താന്‍ തന്നെയാണെന്ന് സ്മിത്ത് ഒരിക്കല്‍ കൂടി തെളിയിച്ചു. 18 വർഷം പഴക്കമുളള സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡാണ് സ്മിത്ത് തകർത്തത്.
138 പന്തിലാണ് 28കാരനായ സ്മിത്ത് സെഞ്ചുറി തികച്ചത്. 114 ഇന്നിംഗ്സുകളില്‍ നിന്നാണ് സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയതെങ്കില്‍ 108 ഇന്നിംഗ്സുകളില്‍ നിന്നാണ് സ്മിത്തിന്റെ നേട്ടം. 58 ഇന്നിംഗ്സുകളില്‍ നിന്നായി 22 സെഞ്ചുറികള്‍ നേടിയ ഡോണ്‍ ബ്രാഡ്മാനാണ് ഒന്നാം സ്ഥാനത്ത്. 101 മത്സരങ്ങളില്‍ നിന്നായി സെഞ്ചുറികള്‍ നേടിയ സുനില്‍ ഗാവസ്കറാണ് മൂന്നാം സ്ഥാനത്ത്.

2017ല്‍ ടെസ്റ്റില്‍ 1000 റണ്‍സ് തികച്ചതോടെ തുടര്‍ച്ചയായ നാല് വര്‍ഷങ്ങളില്‍ 1000 റണ്‍സ് വീതം നേടുന്ന രണ്ടാമത്തെ താരവുമായി സ്മിത്ത്. മാത്യു ഹെയ്ഡനാണ് മറ്റൊരു ക്രിക്കറ്റ് താരം. സ്മിത്തിന്റെ പ്രകടനമികവില്‍ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്ത് 89 റണ്‍സിന്റെ ലീഡ് നേടി.

ഏറ്റവും വേഗത്തിൽ 21 സെഞ്ചുറികൾ നേടുന്ന കളിക്കാരനെന്ന സച്ചിന്റെ (110 ഇന്നിങ്സ്) റെക്കോർഡ് അടുത്തിടെ സ്മിത്ത് (105 ഇന്നിങ്സ്) മറികടന്നിരുന്നു. ഇതിനുപിന്നാലെയാണ് സച്ചിന്റെ തന്നെ മറ്റൊരു റെക്കോർഡും സ്മിത്ത് മറികടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ