മുന്‍ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോണിന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങളിലൊന്നായിരുന്നു ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ വിക്കറ്റ് സ്വന്തമാക്കിയത്. ബാറ്ററാണ വോണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 22 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2002 ല്‍ നടന്ന ടെസ്റ്റ് പരമ്പരയിലാണ് വോണ്‍ സച്ചിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. ആ നിമിഷത്തിനെക്കുറിച്ച് വീണ്ടും ഓര്‍ക്കുകയാണ് മുന്‍താരം.
“നിങ്ങള്‍ക്കറിയാമല്ലൊ, സച്ചിനന്ന് ഫോം കണ്ടെത്തുന്നതിനായി ഒരുപാട് ബുദ്ധിമുട്ടുന്ന സമയമായിരുന്നു. അപ്പോഴാണ് ഒരു കൈ നോക്കാമെന്ന് ഞാന്‍ വിചാരിച്ചത്. വിക്കറ്റിന് തൊട്ടുമുന്‍പുള്ള പന്തില്‍ എക്സ്ട്ര കവറിലൂടെ സച്ചിന്‍ ബൗണ്ടറി നേടി. അതിനാല്‍ വേഗം കുറച്ച് ഉയര്‍ത്തി എറിയാന്‍ ഞാന്‍ തീരുമാനിച്ചു. പിച്ചിന്റെ ബലമുള്ള ഭാഗത്താണ് പന്ത് കുത്തിയത്. ഓഫ് സ്റ്റമ്പിന്റെ മുകളിലായി കൊള്ളുകയും ചെയ്തു. സച്ചിന്റെ ഒപ്പോടുകൂടിയ ആ പന്ത് എന്റെ പക്കലുണ്ട്,” വോണ്‍ ഫോക്സ് ക്രിക്കറ്റിനോട് പറഞ്ഞു.
നോട്ടിങ്ഹാം ടെസ്റ്റിലായിരുന്നു ആ നിമിഷം. 11-2 എന്ന നിലയില്‍ തകര്‍ച്ചയിലേക്ക് നീങ്ങിയ ഇന്ത്യയെ രാഹുല്‍ ദ്രാവിഡും സച്ചിനും ചേര്‍ന്ന് 163 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റി. സെഞ്ചുറിക്ക് എട്ട് റണ്‍സ് അകലെ നില്‍ക്കെയായിരുന്നു സച്ചിന്റെ വിക്കറ്റ് വോണ്‍ സ്വന്തമാക്കിയത്. കവര്‍ ഡ്രൈവിന് ശ്രമിക്കവെയായിരുന്നു സച്ചിന് പിഴച്ചത്. മത്സരത്തിന് ശേഷം നടന്ന കാര്യങ്ങളും വോണ്‍ അഭിമുഖത്തില്‍ പങ്കുവച്ചു.
“ഡ്രൈസിങ് റൂമില്‍ അന്നത്തെ നായകന്‍ സൗരവ് ഗാംഗുലി സംസാരിക്കുകയായിരുന്നു. അകത്തേക്ക് പ്രവേശിക്കാമൊ എന്ന് ഞാന്‍ ചോദിച്ചു. സച്ചിന് അപ്പോള്‍ ഇടത് വശത്ത് നില്‍ക്കുകയായിരുന്നു. വിരോധമില്ലെങ്കില്‍ ഈ പന്തിലൊരു ഓട്ടോഗ്രാഫ് നല്‍കാമൊ എന്ന് അദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ തന്നെ സച്ചിന്‍ അത് ചെയ്തു. ചെറിയൊരു ഭാഗ്യം എനിക്കുണ്ടായിരുന്നു. അദ്ദേഹം സെഞ്ചുറിക്ക് അരികില്‍ നില്‍ക്കെയാണ് എനിക്ക് വിക്കറ്റ് ലഭിച്ചത്,” വോണ്‍ കൂട്ടിച്ചേര്‍ത്തു.
Also Read: IND vs SA Third Test, Day 1: നിലയുറപ്പിച്ച് കോഹ്ലി; ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം