വെടിക്കെട്ട് ബാറ്റിങ്ങും മികവുറ്റ പ്രകടനങ്ങളും കൊണ്ട് മാത്രമല്ല വിവാദം കൊണ്ടും വാർത്തകളിൽ നിറയുകയാണ് ഇത്തവണത്തെ ബിഗ് ബാഷ് ലീഗ്. പെർത്ത് സ്കോർച്ചേഴ്സും സിഡ്നി സിക്സേഴ്സും തമ്മിൽ നടന്ന മൽസരത്തിലെ ഒരു വിക്കറ്റാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. മൽസരത്തിൽ പെർത്ത് സ്കോച്ചേഴ്സിന്റെ ഓപ്പണർ മിച്ചൽ ക്ലിങ്ങറുടെ വിക്കറ്റിനെ ചൊല്ലിയാണ് വിവാദം.

ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേഴ്സ് 177 റൺസാണ് നേടിയത്. 178 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പെർത്ത് സ്കോച്ചേഴ്സിന് തുടക്കത്തിൽ തന്നെ ഓപ്പണർ മിച്ചൽ ക്ലിങ്ങറിനെ നഷ്ടമായി. അതും അമ്പയറുടെ പിഴവു മൂലം. രണ്ടാമത്തെ ഓവറിലെ ഏഴാമത്തെ ബോളിലായിരുന്നു ക്ലിങ്ങറുടെ വിക്കറ്റ് വീണത്. ഫീൽഡ് അമ്പയറുടെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു തേർഡ് അമ്പയറുടെ തീരുമാനവും. റീപ്ലേകളിൽ ക്ലിങ്ങറുടേത് വിക്കറ്റാണെന്ന് തെളിഞ്ഞു. ഇതോടെ ക്ലിങ്ങർ പവലിയനിലേക്ക് മടങ്ങി.

അതിനുശേഷമാണ് ഒരു കാര്യം വ്യക്തമായത്. ഓവറിലെ ഏഴാമത്തെ ബോളിലായിരുന്നു വിക്കറ്റ്. ഇതോടെയാണ് അമ്പയറുടെ തീരുമാനത്തിനെതിരെ ക്രിക്കറ്റ് ലോകം ഒന്നാകെ ശബ്ദമുയർത്തിയത്. ഓവറിലെ ബോളുകളുട എണ്ണം ശ്രദ്ധിക്കേണ്ടതാണ് അമ്പയറാണെന്നാണ് ഏവരും ഒരേസ്വരത്തിൽ പറയുന്നത്.

അമ്പയറുടെ തീരുമാനത്തിൽ സ്കോച്ചേഴ്സ് ടീം കോച്ച് പ്രതികരിച്ചിട്ടുണ്ട്. ഒരു ഓവറിലെ ബോളുകൾ എണ്ണേണ്ടത് അമ്പയറുടെ ഉത്തരവാദിത്തമാണെന്നായിരുന്നു കോച്ച് ആദം വോഗ് പറഞ്ഞത്. മത്സരത്തിൽ സ്കോച്ചേഴ്സ് അനായാസ ജയം നേടിയിരുന്നു. 61 ബോളിൽനിന്നും 87 റൺസെടുത്ത കാമറോൺ ബാൻക്രാഫ്റ്റിന്റെ കരുത്തിലാണ് പെർത്ത് സ്കോച്ചേഴ്സ് 7 വിക്കറ്റിന് ജയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook