മുംബൈ: പ്ലേ ഓഫിലേക്കുളള നിർണായക മൽസരത്തിൽ മുംബൈ ഇന്ത്യൻസിനോട് തോറ്റതോടെ കിങ്സ് ഇലവൻ പഞ്ചാബിന്റെ പ്രതീക്ഷകൾ മങ്ങിയിരുന്നു. സീസണിൽ മികച്ച പ്രകടനം കാഴ്‌ചവച്ച പഞ്ചാബ് മൂന്നാം സ്ഥാനത്ത് നിന്ന് ഇപ്പോൾ ആറാം സ്ഥാനത്തേക്കാണ് എത്തിയിരിക്കുന്നത്. അവസാന രണ്ട് മൽസരത്തിലും മികച്ച പ്രകടനം കാഴ്‌ചവച്ച കൊൽക്കത്തയും മികച്ച റൺറേറ്റുളള മുംബൈയും അടുത്ത മൽസരം കൂടി ജയിച്ചാൽ പ്ലേ ഓഫിലേക്ക് മുന്നേറാനുളള ഒരുക്കത്തിലാണ്.

മുംബൈയ്ക്ക് എതിരെ കഴിഞ്ഞ മൽസരത്തിൽ പൊരുതിയാണ് പഞ്ചാബ് കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 186 റൺസെടുത്തപ്പോൾ പിന്തുടർന്ന പഞ്ചാബിന്റെ പോരാട്ടം 183 ലാണ് എത്തിയത്. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലായിരുന്നു പഞ്ചാബ് 183 റൺസ് നേടിയത്.

അതേസമയം, കെ.എൽ.രാഹുലിന്റെ നിർണായക വിക്കറ്റാണ് പഞ്ചാബിനെ ഓവറിൽ തിരിച്ചടിച്ചത്. ബുമ്രയുടെ പന്തിൽ 94 റൺസെടുത്ത രാഹുൽ പുറത്തായതോടെ പഞ്ചാബും വീണു. രണ്ടാം വിക്കറ്റിൽ ആരോൺ ഫിഞ്ചിനൊപ്പം 111 റൺസിന്റെ കൂട്ടുകെട്ടാണ് രാഹുൽ ഉണ്ടാക്കിയത്. എന്നാൽ രാഹുലിന് പിന്നാലെ സ്റ്റോയിനിസിനെയും മടക്കി പഞ്ചാബിന്റെ തകർച്ച ഉറപ്പിച്ചു ബുമ്ര. ഇതോടെ മൂന്നു ഓവറിൽ 38 റൺസെന്നായി പഞ്ചാബിന്റെ ലക്ഷ്യം. എന്നാൽ അവർക്ക് 35 റൺസ് നേടാനേ ആയുളളൂ.

മൽസരത്തിന് ശേഷം റൺവേട്ടക്കാരനുളള ഓറഞ്ച് തൊപ്പി കെ.എൽ.രാഹുലിന് കിട്ടി. പിന്നാലെ സ്റ്റൈലിഷ് പ്ലേയറിനുളള ട്രോഫിയും കാഷ് അവാർഡും രാഹുലിന് സമ്മാനിച്ചു. നിറകണ്ണുകളോടെ പവലിയനിലേക്ക് മടങ്ങിയ രാഹുൽ തനിക്ക് ലഭിച്ച സ്റ്റൈലിഷ് പ്ലേയറിനുളള ട്രോഫി ആരാധകർക്ക് നേരെ എറിഞ്ഞുകൊടുത്തു.

എന്നാൽ ആദ്യത്തെ ഏറിൽ ആരാധകർക്ക് ട്രോഫി കിട്ടിയില്ല. അടുത്ത രണ്ട് വട്ടവും ശ്രമം പാഴായി. എന്നാൽ നാലാം വട്ടം രാഹുൽ ട്രോഫി വിജയകരമായി തന്നെ ആരാധകന്  കൈമാറി.

മൽസരശേഷം വിതുമ്പിക്കരഞ്ഞ രാഹുലിനെ ആശ്വസിപ്പിച്ചത് മുംബൈ ഇന്ത്യൻസിന്റെ താരം ഹാർദിക് പാണ്ഡ്യയായിരുന്നു. ഇരുവരും തങ്ങളുടെ ജഴ്‌സി പരസ്‌പരം കൈമാറുകയും ചെയ്തു.

ഇതിന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ക്രിക് ഷോട്‌സ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.