മുംബൈ: സിനിമാ രംഗത്തു ന്ിന്നും ആരംഭിച്ച മീ ടൂ ക്യാമ്പയില്‍ മറ്റ് മേഖലകളിലേക്കും വ്യാപിക്കുകയാണ്. കായിക ലോകത്തും ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്. നേരത്തെ ഇന്ത്യന്‍ ബാറ്റ്മിന്‍ഡന്‍ ഇതിഹാസം ജ്വാല ഗുട്ട താന്‍ നേരിട്ട അതിക്രമം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ക്രിക്കറ്റിലേയ്ക്കും മീ ടു വിവാദം എത്തിയിരിക്കുകയാണ്. ശ്രീലങ്കയുടെ ഇതിഹാസ താരം അര്‍ജുന രണതുംഗയ്ക്ക് എതിരെ ഇന്ത്യന്‍ വനിതയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗ മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഒരു വിമാനത്തിലെ ജീവനക്കാരിയുടെ ആരോപണം. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ശ്രീലങ്കന്‍ ടീമിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് സംഭവം. ഹോട്ടലില്‍ വെച്ച് രണതുംഗ യുവതിയുടെ അരയില്‍ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് സഹായത്തിനായി ഹോട്ടല്‍ റിസപ്ഷനിലേക്ക് ഓടിയെന്നും എന്നാല്‍ ഇത് നിങ്ങളുടെ സ്വകാര്യ കാര്യമാണെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാര്‍ കൈയൊഴിയുകയായിരുന്നുവെന്നും യുവതി എഫ്ബി പോസ്റ്റില്‍ പറയുന്നു.

‘ഹോട്ടല്‍ ജുഹു സെന്ററിലെ എലിവേറ്ററില്‍ വെച്ച് ക്രിക്കറ്റ് ആരാധികയായ എന്റെ സഹപ്രവര്‍ത്തക ഇന്ത്യയുടേയും ശ്രീലങ്കയുടേയും താരങ്ങളെ കണ്ടു. തുടര്‍ന്ന് റൂമില്‍ പോയി ഓട്ടോഗ്രാഫ് വാങ്ങാമെന്ന് അവള്‍ പറഞ്ഞു. അവളുടെ സുരക്ഷ ആലോചിച്ച് ഞാനും കൂടെപ്പോകാന്‍ തീരുമാനിച്ചു. ഹോട്ടല്‍ റൂമിലെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ മദ്യം തന്നു. ഞാന്‍ വേണ്ടെന്ന് പറഞ്ഞു. എനിക്ക് ആകെ പേടിയായി. കൈയില്‍ കരുതിയിരുന്ന വെള്ളക്കുപ്പിയും പിടിച്ച് ഞാന്‍ എന്തുചെയ്യണമെന്നറിയാതെ നിന്നു. അവര്‍ ഏഴു പേരുണ്ടായിരുന്നു. ഞങ്ങള്‍ രണ്ട് പേരും. റൂമിന്റെ വാതില്‍ അടച്ച് ചെയ്ന്‍ കൊണ്ട് ലോക്ക് ചെയ്തിരുന്നു. ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി. എത്രയും പെട്ടെന്ന് പുറത്തുകടക്കണമെന്ന് ഞാന്‍ അവളോട് പറഞ്ഞു.’

സിമ്മിംഗ് പൂളിന് സമീപത്തുവെച്ച് രണതുംഗ അരക്കെട്ടില്‍ കൈയമര്‍ത്തിയെന്നും മാറിടത്തിന് സമീപത്തുകൂടെ വിരലോടിച്ചെന്നുമാണ് വെളിപ്പെടുത്തല്‍. ഭയന്ന താന്‍ രക്ഷപെടാനായി രണതംഗയുടെ കാലില്‍ ആഞ്ഞുചവിട്ടിയെന്നും യുവതി പറയുന്നു. സംഭവം ഹോട്ടല്‍ റിസപ്ഷനില്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും വെളിപ്പെടുത്തലിലുണ്ട്.

എന്നാല്‍ യുവതി ഫേസ്ബുക്കിലൂടെ നടത്തിയ വെളിപ്പെടുത്തലില്‍ സംഭവം നടന്ന തിയതി സൂചിപ്പിച്ചിട്ടില്ല. ലങ്കയ്ക്ക് 1996 ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് രണംതുംഗ. 18 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ 93 ടെസ്റ്റുകളില്‍ 5105 റണ്‍സും 296 ഏകദിനങ്ങളില്‍ 7456 റണ്‍സും നേടിയിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ രണംതുംഗ ഇപ്പോള്‍ ശ്രീലങ്കയിലെ പെട്രോളിയം വിഭവശേഷി വികസനമന്ത്രിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook