മ്യൂനിക്ക്: വംശീയാധിക്ഷേപം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും വിധേയനായ ജർമൻ മിഡ്ഫീൽഡർ മെസ്യൂട് ഓസിൽ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ചു. 2014ല്‍ ജര്‍മനിക്ക് ലോകകപ്പ് നേടികൊടുത്തതില്‍ നിര്‍ണായക പങ്ക് വഹിച്ച മെസ്യൂത് ഓസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് ജര്‍മന്‍ ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. റഷ്യൻ ലോകകപ്പിന്‍റെ കിക്കോഫിനു മുൻപേ തുടങ്ങിയ വംശീയാധിക്ഷേപത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. ആദ്യ റൗണ്ടിൽ ജർമനി തോറ്റു പുറത്തായതിനു പിന്നാലെ വീണ്ടും ചൂടുപിടിച്ച രാഷ്ട്രീയ– കായിക വിവാദത്തിനൊടുവിലാണ് മെസ്യൂട് കടുത്ത തീരുമാനം പ്രഖ്യാപിച്ചത്. മൂന്ന് കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് 9 വര്‍ഷം നീണ്ട ജര്‍മന്‍ ഫുട്ബോള്‍ ജീവിതം അവസാനിപ്പിച്ച വിവരം മെസ്യൂട് ഓസില്‍ അറിയിച്ചത്.

എന്നാൽ, ക്ലബ് ഫുട്ബോളിൽ തുടരുമെന്നും ഓസിൽ അറിയിച്ചു. തുര്‍ക്കി വംശജനായ ഓസില്‍ തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാനെ മാസങ്ങള്‍ക്ക് മുമ്പ് സന്ദര്‍ശിച്ചത് ജര്‍മനിയില്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. പിന്നാലെ ജര്‍മനി ലോകകപ്പില്‍ നിന്ന് ആദ്യ റൌണ്ടില്‍ പുറത്തായതോടെ കൂടുതല്‍ പഴി കേട്ടതും ഓസിലായിരുന്നു. ഇതോടെ, ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യം ജർമനിയിൽ ഉയർന്നു. ആരാധകർ ഇരുതാരങ്ങളെയും കൂകിവിളിച്ചു. എന്നാൽ, ഇതുവരെ മാപ്പു പറയാൻ കൂട്ടാക്കാതിരുന്ന ഓസിൽ, ഇന്നലെയാണ് വിശദീകരണം പുറത്തുവിട്ടത്. ഉര്‍ദുഗാനാടൊപ്പം ഫോട്ടോ എടുത്തത് രാഷ്ട്രീയ നിലപാടല്ലെന്ന് വിരമിക്കല്‍ പ്രസ്താവനയില്‍ ഓസില്‍ പറയുന്നു.

‘എന്‍റെ കുടുബത്തിന്‍റെ സ്വദേശത്തിന്‍റെ പരമോന്നത നേതാവിനോടുളള ആദരം മാത്രമായിരുന്നു. എതിർപ്പുകളും പ്രതിഷേധങ്ങളും പ്രതീക്ഷിച്ചിരുന്നതല്ല. ഇനിയും ജർമനിയുടെ ജഴ്സി ഞാൻ ധരിക്കുന്നത് അവർക്കിഷ്ടമല്ലെങ്കിൽ ഞാൻ തുടരുനന്തിൽ അർഥമില്ല. താൻ നേടിയ ഗോളുകളെ ഒന്നിനെപ്പോലും വിമർശകർ ഓർത്തില്ലെന്നും ഓസിൽ തുറന്നടിച്ചു. ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനെയും അസോസിയേഷന്‍ പ്രസി‍ഡന്‍റിനേയും ഓസില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. വംശീയ വിദ്വേഷത്തോടെയാണ് തന്നോട് പെരുമാറിയത്. ജയിക്കുമ്പോള്‍ താനവര്‍ക്ക് ജര്‍മനും തോല്‍ക്കുമ്പോള്‍ കുടിയേറ്റക്കാരനും ആകുന്നു. തുര്‍ക്കി വംശജനായത് കൊണ്ട് ഫുട്ബോള്‍ അസോസിയേഷന്‍ അവഗണിച്ചു. വംശീയാധിക്ഷേപം ഒരു കാലത്തും അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ജര്‍മന്‍ കുപ്പായം അഴിക്കുന്നത് എന്ന് പറഞ്ഞാണ് ഓസില്‍ പ്രസ്താവന അവസാനിപ്പിക്കുന്നത്.ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ആർസനലിന്‍റെ താരമാണ് ഓസിൽ. ജർമനിക്കായി 92 കളിയിൽ 23 ഗോൾ നേടിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ