ബാഴ്സലോണ: നികുതി വെട്ടിപ്പ് കേസില്‍ ബാഴ്സലോണയുടെ അർജന്റീനിയൻ സൂപ്പർ താരം ലയണല്‍ മെസിക്ക് 21 മാസം തടവുശിക്ഷ വിധിച്ച ബാഴ്സലോണ കോടതിയുടെ വിധി സ്പാനിഷ് സു്പ്രീം കോടതി ശരിവെച്ചു. മെസിയും അച്ഛനും 20 ലക്ഷം യൂറോ(ഏതാണ്ട് 14 കോടി ഇന്ത്യന്‍ രൂപ)യും പിഴയടക്കണമെന്ന ശിക്ഷയും കോടതി ശരിവെച്ചിട്ടുണ്ട്.

അതേസമയം മെസിക്ക് ജയിൽ ശിക്ഷ ഒഴിവാകാനുള്ള ഇളവുകളും സ്പെയിനിലെ നിയമത്തിലുണ്ട്. സ്പെയിനിലെ നിയമപ്രകാരം അക്രമരഹിത കേസുകള്‍ക്ക് രണ്ട് വര്‍ഷത്തില്‍ താഴെ തടവ് വിധിച്ചാല്‍ ജയിലില്‍ പോകേണ്ടതില്ല. ഈ ഇളവ് മെസിയെ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നേരത്തെ നികുതി വെട്ടിപ്പ് ആരോപണം ഉയര്‍ന്നപ്പോള്‍ മെസിയും പിതാവും 50 ലക്ഷം യൂറോ സ്പെയിനിലെ നികുതി വകുപ്പില്‍ പിഴ അടച്ചിരുന്നു.

മെസ്സിയും അച്ഛനും 2007നും 2009നും ഇടക്ക് 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് നടത്തിയെന്നതാണ് കേസ്. കഴിഞ്ഞ ജൂലൈയില്‍ മെസ്സി കുറ്റക്കാരനാണെന്ന് ബാഴ്‌സലോണയിലെ കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. വരവിനൊത്ത നികുതിയടച്ചില്ലെന്നും നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിച്ചുവെന്ന കണ്ടെത്തലാണ് മെസ്സിക്ക് വിനയായത്. മെസ്സിയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പിതാവാണെന്നും മെസിയെ കേസിൽ നിന്ന് ഒഴിവാക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാൽ ആ വാദം നേരത്തെ ബാഴ്‌സലോണ കോടതി തള്ളിയിരുന്നു. ബാഴ്സലോണയിലെ മെസിയുടെ സഹതാരങ്ങളായ നെയ്മറും മഷറാനോയും സമാനമായ കേസുകളിൽ അകപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ