ഫുട്ബോൾ ലോകത്തെ മിശിഹ എന്നറിയപ്പെടുന്ന അർജന്റീനിയൻ ഇതിഹാസതാരം ലയണൽ മെസ്സിയുടെ ജീവിതം സിനിമയാകുന്നു. സെരക്ക് ഡ്യൂ സൊലേൽ എന്ന കനേഡിയൻ വിനോദ കമ്പനിയാണ് സിനിമ നിർമ്മിക്കുന്നത്. തന്റെ ജീവിതം സിനിമയാക്കുന്ന കാര്യം മെസ്സി തന്നെയാണ് പുറം ലോകത്തെ അറിയിച്ചത്. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അർജന്റീനയുടെ ദേശീയ ടീമിന്റെയും ലോകത്തെ തന്നെ വമ്പൻ ക്ലബ്ബായ ബാഴ്സലോണയുടെയും ക്യാപ്റ്റനായ മെസ്സി ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാളാണ്. ലോക പ്രശസ്തരായ കനേഡിയൻ കമ്പനി തന്നെ കുറിച്ച് നിർമ്മിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ഇതിഹാസതാരം. സ്പാനിഷ് മാധ്യമമായ ക്ലാരിനിൽ വീഡിയോ സന്ദേശത്തിലൂടെയാണ് മെസ്സി സിനിമയെ കുറിച്ച് സംസാരിച്ചത്.
മെസ്സിയുടെ വാക്കുകൾ ഇങ്ങനെ; “സെരക്ക് ഡ്യൂ സൊലേൽ എന്ന കനേഡിയൻ കമ്പനി എന്നെ കുറിച്ച് നിർമ്മിക്കുന്ന ചിത്രം എന്നിൽ ഏറെ ആവേശം നിറയ്ക്കുന്നുണ്ട്. കാരണം ഈ കമ്പനിയുടെ പേര് തന്നെ. അവർ എന്നെ കുറിച്ച് സിനിമ ചെയ്യുന്നത് അവിശ്വസനീയമാണ്. എന്നാൽ സിനിമ എല്ലാവരെയും അവിസ്മരിപ്പിക്കുമെന്നതിൽ എനിക്ക് സംശയമില്ല. അതിന് കാരണവും ഇത് നിർമ്മിക്കുന്നത് സെരക്ക് ഡ്യൂ സൊലേൽ എന്നത് തന്നെ. നേരത്തെയും അവർ നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്.”
ചിത്രം അടുത്ത വർഷം അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. നേരത്തെ 2014ൽ മെസ്സിയുടെ ജീവിതം അടിസ്ഥാനമാക്കി സ്പെയിൻകാരനായ അലക്സ് ഡി ലാ ഇഗ്ലേഷ്യ ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. 93 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി നിർമ്മിച്ചത് മീഡിയ പ്രോയാണ്.