ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീന മൂന്നാം ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ അര്‍ജന്റീനന്‍ ജനത മനം മറന്ന് ആഘോഷിക്കുകയാണ്. മെസിയുടെയും മറഡോണയുടെയും വമ്പന്‍ ചിത്രങ്ങള്‍ ഉയര്‍ത്തിയും പടക്കം പൊട്ടിച്ചും റാലി നടത്തിയും വിജയം ആഘോഷിക്കുകയാണ് ആരാധകര്‍.
അര്‍ജന്റീനയുടെ മൂന്നാമത്തെ വലിയ നഗരത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കാന്‍ ഇറങ്ങി. ബ്വേനസ് ഐറിസിലെ ചരിത്ര പ്രസിദ്ധമായ സ്മാരക സ്തൂപത്തിന് ചുറ്റും രാജ്യത്തിന്റെ പതാക പാറിച്ചും പാട്ടുപാടിയും നൃത്തം വെച്ചും ഉച്ചത്തില്‍ വാഹനങ്ങളുടെ ഹോണ്‍ മുഴക്കിയും കരിമരുന്ന് പ്രയോഗിച്ചുമാണ് ആഘോഷ രാവിനെ ആരാധകര്‍ വരവേറ്റത്.
ലയണല്‍ മെസ്സിയുടെ ജന്മനാടായ റൊസാരിയോയിലെ തെരുവുകളില്‍ വന്‍ ആഘോഷങ്ങളാണ് നടന്നത്. മെസ്സി അന്താരാഷ്ട്ര കിരീടം ഉയര്‍ത്തിയതോടെ വിജയം ആഘോഷിക്കാന്‍ നഗരത്തിലേക്ക് ആരാധകര്‍ ഒഴുകുകയായിരുന്നു. രാത്രി വൈകിയും അവര്‍ ആടിയും പാടിയും തിമര്‍ത്തു. തങ്ങളുടെ ദേശീയ ടീമിന്റെ വിജയം നഗരങ്ങളും തെരുവുകളും ആഘോഷിച്ചു. സെന്‍ട്രലും ന്യൂവെല്ലും തമ്മിലുള്ള പ്രാദേശിക മത്സരവും അധികൃതര്‍ മാറ്റിവച്ചു.