നൗകാമ്പ്: ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും മികച്ച ഗോളായി ലിവര്‍പൂളിനെതിരായ ആദ്യ പാദ സെമിയില്‍ മെസി നേടിയ ഫ്രീകിക്ക് ഗോള്‍ തിരഞ്ഞെടുക്കപ്പെട്ടു. ലിവര്‍പൂളിനെ 3-0 ന് ബാഴ്‌സലോണ തകര്‍ത്ത മത്സരത്തിലായിരുന്നു മെസിയുടെ മഴവില്ലഴകുള്ള ഗോള്‍ പിറന്നത്. കളിയുടെ 81-ാം മിനുറ്റിലായിരുന്നു മെസി ഫ്രീകിക്ക് എടുത്തത്. ഇതടക്കം രണ്ടു ഗോളുകളാണ് മത്സരത്തില്‍ മെസി നേടിയത്.

യുവന്റസിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളാണ് രണ്ടാമതെത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ക്രിസ്റ്റിയാനോ നേടിയ ഗോളാണ് മെസിയുടെ മാജിക് ഗോളിന് പിന്നിലായത്. ബാഴ്‌സലോണയുടെ തന്നെ ഇവാന്‍ റാക്കിറ്റിച്ചിന്റെ ഗോളാണ് മൂന്നാമത്. ഗ്രൂപ്പ് ഘട്ടത്തില്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്പറിനെതിരെയായിരുന്നു റാക്കിയുടെ ഗോള്‍. കഴിഞ്ഞ സീസണിലെ മികച്ച ഗോള്‍ ഗാരത് ബെയിലിന്റേതായിരുന്നു.

ആദ്യ പാദത്തില്‍ മെസിയുടെ ഇരട്ടഗോളിന്റെ കരുത്തില്‍ റയലിനെ തറപറ്റിച്ച ബാഴ്‌സയ്ക്ക് പക്ഷെ രണ്ടാം സെമിയില്‍ അടിതെറ്റി. രണ്ടാം പാദത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍ ഫൈനലിലേക്ക് കടക്കുകയായിരുന്നു. ഒറിഗിയുടേയും വാന്‍ഡിക്കിന്റേയും ഇരട്ടഗോളുകളുടെ ബലത്തിലായിരുന്നു ലിവര്‍പൂള്‍ അത്ഭുത വിജയം നേടിയത്.

ഫൈനലില്‍ ടോട്ടനത്തെ പരാജയപ്പെടുത്തി ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവുമുയര്‍ത്തി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ വിജയം. നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടമുയര്‍ത്തുന്നത്.

Read More Sports News Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook