സ്‌പാനിഷ് ക്ലബായ ബാഴ്‌സലോണയുമായുള്ള സൂപ്പർ താരം ലയണൽ മെസിയുടെ കരാർ വിവരങ്ങൾ പുറത്ത്. കരാർ വിവരങ്ങൾ പുറത്തുവിട്ടത് സ്‌പാനിഷ് മാധ്യമമാണ്. ഇതിനെതിരെ ക്ലബ് തന്നെ രംഗത്തെത്തി. കരാർ വിവരങ്ങൾ പുറത്തുവിട്ടത് ശരിയായില്ലെന്നാണ് ബാഴ്‌സയുടെ വാദം. സ്‌പാനിഷ് മാധ്യമത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ക്ലബ് ആവശ്യപ്പെടുന്നു. വാർത്ത പ്രസിദ്ധീകരിച്ചത് ആരായാലും അവരുടെ ഉദ്ദേശശുദ്ധി ശരിയല്ലെന്നാണ് ബാഴ്‌സ പരിശീലകൻ റൊണാൾഡ് കൊമാൻ പറയുന്നത്.

അതേസമയം, മെസിയുടെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. 2017 ൽ ബാഴ്‌സയുമായി മെസി ഒപ്പിട്ട കരാർ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നാല് വർഷത്തേക്ക് 555 മില്യൺ യൂറോയാണ് മെസി പ്രതിഫലം വാങ്ങുന്നത്. അതായത് ഓരോ സീസണിലും 139 മില്യൺ യൂറോയാണ് കരാർ. നാല് വർഷത്തേക്കുള്ള 555 മില്യൺ യൂറോ പ്രതിഫലത്തിൽ 510 മില്യൺ യൂറോ താരം ഇതിനോടകം കൈപറ്റി കഴിഞ്ഞു. വൻ പ്രതിഫലമാണ് മെസി ബാഴ്‌സയിൽ നിന്നു വാങ്ങുന്നതെങ്കിലും ഇതിൽ പകുതി തുക സ്‌പെയിനിൽ നികുതിയായി മെസിക്ക് അടയ്‌ക്കേണ്ടിവരുന്നു. സ്‌പാനിഷ് മാധ്യമമായ ‘എൽ മുൻഡോ’യാണ് മെസിയുടെ കരാർ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ഒരു അത്‌ലറ്റിന് ലഭിച്ചതിൽവച്ച് ഏറ്റവും ഉയർന്ന കരാർ തുകയാണിതെന്ന് ‘എൽ മുൻഡോ’ റിപ്പോർട്ട് ചെയ്യുന്നു.

Read Also: അനുഗ്രഹീതൻ നടരാജൻ; ഒടുവിൽ ആ നേർച്ച നിറവേറ്റി

നാലാം വർഷത്തെ കരാർ വിശകലനം ചെയ്യുമ്പോൾ ബാഴ്‌സയിൽ ചെലവഴിക്കാൻ ഒരു ദിവസത്തേക്ക് 3,81,000 യൂറോയാണ് മെസി വാങ്ങുന്നത്. ഒരു മണിക്കൂറത്തേക്ക് 15,875 യൂറോ. അതായത് ഒരു മണിക്കൂറത്തേക്ക് മെസിയുടെ പ്രതിഫലം ഏകദേശം 14 ലക്ഷം രൂപയാണ്. വെറും ഒരു മിനിറ്റിന് കാൽ ലക്ഷത്തോളം രൂപയാണ് ബാഴ്‌സ മെസിക്ക് നൽകുന്നത്. 2017 ലെ കരാർ അടിസ്ഥാനത്തിലാണ് ഇത്. ഒരോ സെക്കൻഡിനും 354 രൂപ എന്ന നിലയിലാണ് മെസി കൈപറ്റുന്നത്.

Image

മെസിയും ബാഴ്‌സയും തമ്മിൽ നേരത്തെ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ക്ലബ് വിടണമെന്ന് മെസി ആഗ്രഹിച്ചിരുന്നു. എന്നാൽ, മനസില്ലാമനസോടെ ഒരു വർഷം കൂടി ബാഴ്‌സയിൽ തുടരാൻ മെസി തീരുമാനിച്ചു. ഈ സീസണോടെ ബാഴ്‌സയുമായുള്ള ബന്ധം മെസി ഉപേക്ഷിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ടീം മാനേജ്‌മെന്റുമായി മെസി അത്ര നല്ല ബന്ധത്തിലല്ല. പരിശീലകൻ റൊണാൾഡ് കൊമാനുമായും അഭിപ്രായഭിന്നതയുണ്ടായിരുന്നു. അതോടൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബാഴ്‌സ. മെസിയെ പോലൊരു സൂപ്പർ താരത്തെ നിലനിർത്താൻ ഈ സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook