അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമം. സൂപ്പർതാരം ലയണൽ മെസി സ്‌പാനിഷ് ക്ലബായ ബാഴ്‌സലോണയിൽ തുടരും. ഒരു വർഷത്തേക്ക് കൂടി കരാർ തുടരും.

ബർതെമ്യൂവിന്റെ നേതൃത്വത്തിലുള്ള ബാഴ്‌സ മാനേജ്‌മെന്റ് വൻ ദുരന്തമെന്ന് മെസി.

വളരെ വെെകാരികമായാണ് ബാഴ്‌സയുമായി തനിക്കുള്ള ബന്ധം മെസി വിശദീകരിച്ചതും ഇപ്പോഴത്തെ പ്രശ്‌നങ്ങൾ തുറന്നുപറഞ്ഞതും.

മെസി ബാഴ്‌സ വിടുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഒരു വർഷത്തേക്ക് കൂടി ബാഴ്‌സയുമായുള്ള കരാർ മെസി നീട്ടിയതായാണ് സൂചന. സ്വന്തം താൽപര്യത്തിനനുസരിച്ചല്ല താരം കരാർ നീട്ടിയതെന്നും റിപ്പോർട്ടുകളുണ്ട്. മെസി ബാഴ്‌സലോണ വിടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് തങ്ങളോട് പ്രതികരിച്ചെന്നും ‘ഗോൾ’ റിപ്പോർട്ട് ചെയ്യുന്നു. കരാർ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ബാഴ്‌സ മാനേജ്‌മെന്റിനോട് തർക്കിക്കാൻ താൽപര്യമില്ലാത്ത മെസി മനസില്ലാമനസോടെ ക്ലബിൽ തുടരാൻ തീരുമാനിച്ചതായാണ് വിവരം.

തനിക്ക് ക്ലബിനെതിരെ പ്രവർത്തിക്കാനും സംസാരിക്കാനും താൽപര്യമില്ലെന്ന് മെസി പറയുന്നു. ഈ സീസണിൽ കൂടി ബാഴ്‌സയിൽ തുടരുമെന്നാണ് മെസി ഗോളിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. നിലവിലെ സൂചനകൾ അനുസരിച്ച് 2021 ജൂൺ വരെയാണ് പുതിയ കരാർ.

“ഞാൻ സന്തുഷ്‌ടനല്ല, ഞാൻ ബാഴ്‌സ വിടാൻ ആഗ്രഹിക്കുന്നു. ഒരു നിയമയുദ്ധത്തിലേക്ക് പോകാൻ താൽപര്യമില്ല. ക്ലബ് വിടാൻ അവർ എന്നെ അനുവദിക്കുന്നില്ല. ബർതെമ്യൂ നയിക്കുന്ന ക്ലബ് എല്ലാ അർത്ഥത്തിലും പൂർണപരാജയമാണ്. ഞാൻ ബാഴ്‌സയെ സ്‌നേഹിക്കുന്നു. ബാഴ്‌സയേക്കാൾ മികച്ച സ്ഥലം എനിക്ക് ലഭിക്കില്ല. ക്ലബുമായി ഒരു യുദ്ധത്തിലേർപ്പെടാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് മാത്രമാണ് ഞാൻ ഇവിടെ തുടരാൻ നിർബന്ധിതനാകുന്നത്. പുതിയ താരങ്ങളെയാണ് ബാഴ്‌സയ്‌ക്ക് ആവശ്യമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ സമയം പൂർത്തിയായെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സീസൺ കഴിയുമ്പോഴും നിങ്ങൾക്ക് നിങ്ങളുടെ ഭാവിയെ കുറിച്ച് സ്വയം തീരുമാനിക്കാം എന്നാണ് ബർതെമ്യൂ എന്നോട് പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ അദ്ദേഹം ആ വാക്ക് ലംഘിച്ചു,” മെസി ഗോളിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു

“എനിക്ക് എല്ലാറ്റിനും വലുത് ക്ലബാണ്. അതുകൊണ്ട് ഞാൻ ഇവിടെ തുടരുന്നു. ബാഴ്‌സയുമായി ഒരു നിയമയുദ്ധത്തിനു എനിക്ക് താൽപര്യമില്ല. ബാഴ്‌സയ്‌ക്കെതിരെ ഞാൻ കോടതിയിൽ പോകില്ല. ഞാൻ ഏറെ സ്‌നേഹിക്കുന്ന ക്ലബാണ് ബാഴ്‌സലോണ,” വെെകാരികമായി മെസി പ്രതികരിച്ചു.

ബാഴ്‌സ വിടാനുള്ള താൽപര്യം കുടുംബത്തെ അറിയിച്ചപ്പോൾ അത് വല്ലാത്തൊരു നാടകീയ രംഗമായിരുന്നു എന്നും താരം പറയുന്നു. “മാധ്യമങ്ങളടക്കം തനിക്ക് ബാഴ്‌സയോടുള്ള സ്‌നേഹം ചോദ്യം ചെയ്‌തു. ബാഴ്‌സലോണയോട് എനിക്കുള്ള സ്‌നേഹം ചോദ്യം ചെയ്യപ്പെട്ടപ്പോൾ ഞാൻ വല്ലാതെ അസ്വസ്ഥനായി. എനിക്ക് ബാഴ്‌സലോണയോടുള്ള സ്‌നേഹം ഒരിക്കലും ഇല്ലാതാകില്ല,” മെസി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook