അടിമുടി മാറ്റങ്ങൾ കൊണ്ടുവന്നിട്ടും ബാഴ്സയിൽ തുടരാൻ തനിക്കു താൽപര്യമില്ലെന്ന് മെസി ടീം മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്.
ബാഴ്സയുടെ പുതിയ പരിശീലകൻ റൊണാൾഡ് കൊമാനുമായി മെസി കൂടിക്കാഴ്ച നടത്തി. ബാഴ്സയിൽ തുടരുന്നതിനേക്കാൾ ക്ലബ് വിട്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മെസി കൊമാനെ അറിയിച്ചതായി സ്പാനിഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുന്നോട്ടുള്ള യാത്രയെ കുറിച്ച് മെസി ഒരു തീരുമാനത്തിലെത്തിയിട്ടില്ലെന്നും ബാഴ്സ വിടുന്ന കാര്യം ആലോചനയിലുണ്ടെന്നുമാണ് സ്പാനിഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാഴ്സയുമായി കരാർ പുതുക്കേണ്ട സമയമാണിത്. എന്നാൽ, മെസി ഇതുവരെ കരാർ പുതുക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. ബാഴ്സയിൽ തുടരാൻ മെസി താൽപര്യപ്പെടുന്നില്ലെന്നതിന്റെ സൂചനയാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു…
ചാംപ്യൻസ് ലീഗ്: തലതാഴ്ത്തി മെസി, ബാഴ്സലോണയെ തറപറ്റിച്ച് ബയേൺ സെമിയിൽ
ബാഴ്സയിൽ തുടരാൻ മെസിയെ താൻ നിർബന്ധിക്കേണ്ട ആവശ്യമുണ്ടോ എന്നാണ് മുഖ്യപരിശീലകൻ കൊമാൻ ചോദിക്കുന്നു. മെസി ബാഴ്സയിൽ തുടരാൻ തീരുമാനിച്ചാൽ താൻ വളരെ സന്തോഷവാനായിരിക്കുമെന്നും കൊമാൻ പറയുന്നു. 13-ാം വയസിലാണ് മെസി ബാഴ്സയുമായി ബന്ധം ആരംഭിക്കുന്നത്. ബാഴ്സയ്ക്കായി 730 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ മെസി 634 ഗോളുകളും നേടിയിട്ടുണ്ട്. മെസി ക്ലബ് വിടാൻ തീരുമാനിച്ചാൽ ബാഴ്സ ആരാധകർക്ക് അത് വലിയ തിരിച്ചടിയായിരിക്കും.
അതേസമയം, 2014 മുതൽ ബാഴ്സലോണയുടെ തുറുപ്പുചീട്ടായിരുന്ന ലൂയി സുവാരസ് ഡച്ച് ക്ലബായ അയാക്സിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. സുവാരസ് അയാക്സിലേക്ക് തന്നെയെന്ന് ഏറെക്കുറെ ഉറപ്പായി. സുവാരസിനെ വിൽക്കാൻ തയ്യാറാണ് ബാഴ്സലോണയും.
ഏകദേശം 15 മില്യൺ യൂറോയ്ക്ക് അയാക്സ് സുവാരസിനെ ലേലത്തിൽ വിളിക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുവാരസിനെ ബാഴ്സ കെെയൊഴിയുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻപ് അയാക്സിൽ കളിച്ചിട്ടുള്ള താരമാണ് സുവാരസ്. 2007-2011 കാലഘട്ടത്തിൽ അയാക്സിനു വേണ്ടി നൂറിലധികം മത്സരങ്ങൾ കളിച്ച സുവാരസ് 80 ൽ അധികം ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. അയാക്സിൽ നിന്നു ലിവർപൂളിലേക്കും അവിടെ നിന്ന് ബാഴ്സയിലേക്കും പിന്നീട് ചേക്കേറി. ബാഴ്സലോണയിൽ മെസി കഴിഞ്ഞാൽ പിന്നെ കൂടുതൽ ആഘോഷിക്കപ്പെട്ടിരുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് സുവാരസ്.
ടീം അടിമുടി മാറ്റുന്നതിന്റെ ഭാഗമായി ബാഴ്സലോണയുടെ പുതിയ പരിശീലകനായി റൊണാൾഡ് കൊമാനെ നിയോഗിച്ചത് കഴിഞ്ഞ ദിവസമാണ്. 2022 വരെ ബാഴ്സയുടെ മുഖ്യപരിശീലകനായിരിക്കും കൊമാൻ. നിലവിൽ ഡച്ച് പരിശീലകനായ കൊമാന്റെ വരവ് ബാഴ്സയ്ക്ക് പഴയ പോരാട്ടവീര്യം തിരിച്ചെടുക്കാൻ സഹായകമാകുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. 2022 ജൂൺ 30 വരെ റൊണാൾഡോ കൊമാൻ ബാഴ്സയുടെ മുഖ്യപരിശീലകനായിരിക്കുമെന്ന് ഔദ്യോഗിക കരാറിൽ പറയുന്നു. കൊമാന്റെ സാന്നിധ്യം ടീമിനു പുത്തനുണർവ് നൽകുമെന്ന് ബർതോമ്യോ പറയുന്നു.
മാനേജരെന്ന നിലയിൽ 20 വർഷത്തിലേറെ പരിചയവും കരിയറിൽ എട്ട് കിരീടങ്ങളും ഉള്ള താരമാണ് കൊമാൻ. പ്രീമിയർ ലീഗ്, ലാ ലിഗ, ഡച്ച് ലീഗ്, പോർച്ചുഗീസ് ലീഗ്, കൂടാതെ നെതർലൻഡ്സിനൊപ്പം അന്താരാഷ്ട്ര വേദിയിലും പരിശീലനം നൽകിയ ശേഷമാണ് കൊമാൻ ബാഴ്സലോണ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്.