മോസ്‌കോ: ഈ ലോകകപ്പോടെ മെസി രാജ്യാന്തര മൽസരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് ശേഷം കളിക്കാന്‍ സാധിക്കുമോ എന്ന് സംശയമാണെന്ന് മെസി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ ലോകകപ്പിലെ പ്രകടനം അനുസരിച്ചായിരിക്കും ഇതിഹാസ താരത്തിന്റെ രാജ്യാന്തര ഫുട്‌ബോള്‍ ഭാവി.

2005 ലാണ് മെസി ആദ്യമായി അര്‍ജന്റീനയുടെ ജഴ്‌സിയണിയുന്നത്. പിന്നീടിങ്ങോട്ട് സമാനതകളില്ലാത്ത യാത്രയായിരുന്നു ഇതിഹാസ താരത്തിന്റേത്. കഴിഞ്ഞ കോപ്പ അമേരിക്കയുടെ ഫൈനലിലെ പരാജയത്തിന് പിന്നാലെ മെസി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

ലോകകപ്പോടെ 11 വര്‍ഷം നീണ്ട കരിയര്‍ മെസി അവസാനിപ്പിക്കുമോയെന്ന ചിന്തയിലാണ് ആരാധകര്‍. ഇനി തനിക്ക് ദേശീയ ടീമിന് വേണ്ടി ഒന്നും ചെയാനായി ഇല്ലെന്നാണ് മെസി വിശ്വസിക്കുന്നത്. റഷ്യയിലേക്കുള്ള യാത്ര രാജ്യാന്തര താരമെന്ന നിലയില്‍ അവസാനത്തേതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, തീരുമാനം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അര്‍ജന്റീന തുടര്‍ച്ചയായി മൂന്ന് ഫൈനലില്‍ പരാജയപ്പെട്ടിരുന്നു പക്ഷെ ഫൈനല്‍ വരെ എത്തുന്നത് ഒരിക്കലും നിസാരമായ കാര്യമല്ല. അത് ആളുകള്‍ വിസ്‌മരിച്ചതായി മെസി പറയുന്നു.

ബ്രസീല്‍, ജര്‍മ്മനി, സ്‌പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ ലോകകപ്പിന്റെ നോക്കൗട്ടില്‍ പരാജയപ്പെട്ട വേളയിലും അര്‍ജന്റീന ഫൈനലില്‍ എത്തിയിരുന്നതായി മെസി ചൂണ്ടികാട്ടി. റഷ്യന്‍ ലോകകപ്പില്‍ ഐസ്‌ലൻഡിനെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മൽസരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ