ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ തർക്ക വിഷയങ്ങളിൽ ഒന്നാണ് മെസ്സിയാണോ റൊണാൾഡോയാണോ കേമൻ എന്നത്. ഓരോ മത്സരം കഴിയും തോറും ഇരുവരും തർക്കത്തിന്റെ തീവ്രത കൂട്ടുകയും ചെയ്യും. ഗോളുുകൾ നേടുന്നത് പോലെ തന്നെ റെക്കോർഡുകൾ സ്വന്തം പേരിൽ കുറിക്കുന്നതിനും ഇരുവരും തമ്മിൽ ശക്തമായ പോരാട്ടമാണ്.

ഇന്നലെ റൊണാൾഡോയെ മറികടന്ന് മറ്റൊരു റെക്കോർഡ് തന്രെ പേരിൽ തിരുത്തി എഴുതിയിരിക്കുകയാണ് മെസ്സി. ചാമ്പ്യൻസ് ലീഗിൽ ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായാണ് മെസ്സി മാറിയത്. ഇന്നലെ നടന്ന മത്സരത്തിൽ പിഎസ്‍വിക്ക് എതിരെ ഗോൾ നേടിക്കൊണ്ടായിരുന്നു മെസ്സി റൊണാൾഡോയെ മറികടന്നത്.

ബാഴ്സലോണയുടെ താരമായ മെസ്സി ക്ലബ്ബിന് വേണ്ടി ചാമ്പ്യൻസ് ലീഗിൽ ഇതുവരെ അടിച്ചു കൂട്ടിയത് 106 ഗോളുകളാണ്. റയൽ മാഡ്രിഡിന് വേണ്ടി 105 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു മെസ്സി. എന്നാൽ റയൽ വിട്ട് യുവന്റസിലേക്ക് പോയ റോണോയെ പിന്തള്ളി ബാഴ്സ കുപ്പായത്തിൽ മെസ്സി 106-ാം ഗോൾ കുറിച്ചു.

പുൾഗയുടെ അസ്സിസ്റ്റിൽ 61-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോൾ. ഈ സീസണിൽ റയൽ വിട്ട് യുവന്റസിലേക്ക് കൂടുമാറിയ റൊണാൾഡോ ഇനി മെസ്സിയുടെ റെക്കോർഡ് മറികടക്കാൻ സാധ്യത തീരെ കുറവാണ്. ക്ലബ്ബിലേക്ക് മടങ്ങി വന്നാൽ മാത്രമേ അതിന് സാധിക്കൂ.

കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ നൂറ് വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ താരമായി റൊണാൾഡോ മാറിയിരുന്നു. മൂന്ന് ടീമുകൾക്കായി ചാമ്പ്യൻസ് ലീഗിൽ ബൂട്ട് കെട്ടിയ താരം അതിവേഗം വിജയങ്ങളിൽ സെഞ്ചുറി തികയ്ക്കുകയായിരുന്നു. യുവന്റസിനായി അതിവേഗം പത്ത് ഗോളുകൾ തികയ്ക്കുന്ന താരമെന്ന റെക്കോർഡും റൊണാൾഡോ തന്റെ പേരിൽ കുറിച്ചു.

എന്നാൽ ചാമ്പ്യൻസ് ലീ​ഗിലെ എക്കാലത്തേയും ടോപ് സ്കോററും റൊണാൾഡോ തന്നെയാണ്. 121 ​ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്. ചാമ്പ്യൻസ് ലീ​ഗിൽ ഇതുവരെ 157 മത്സരങ്ങളിലാണ് റൊണാൾഡോ കളിച്ചത്. 171 മത്സരങ്ങൾ കളിച്ചിട്ടുള്ള ഐക്കർ കസിയസാണ് ഇക്കാര്യത്തിൽ റൊണാൾഡോയ്ക്ക് മുന്നിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook