ലോകഫുട്ബോളിലെ രാജകുമാരന് പുതിയ റെക്കോർഡ്. സ്പാനിഷ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന സ്പെയിൻകാരനല്ലാത്ത താരമെന്ന റെക്കോർഡാണ് മെസ്സി തന്റെ പേരിൽ തിരുത്തിയെഴുതിയത്. ഇന്നലെ ജിറോണ എഫ്സിക്കെതിരെ ബൂട്ടുകെട്ടിയാണ് മെസ്സി സ്പാനിഷ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന വിദേശ താരമായത്.

സ്പാനിഷ് ലീഗിലെ തന്റെ 423-ാം മത്സരത്തിനായിരുന്നു ഇന്നലെ ജിറോണയ്ക്കെതിരെ മെസ്സി കളത്തിലിറങ്ങിയത്. 422 മത്സരങ്ങൾ കളിച്ച ബാഴ്സലോണയുടെ തന്നെ മുൻ ബ്രസീലിയൻ താരം ഡാനി ആൽവസിന്റെ റെക്കോർഡാണ്‌ മെസ്സി സ്വന്തം പേരിലാക്കിയത്. സെവില്ലയിലും ബാഴ്സലോണയിലുമായിട്ടാണ് ഡാനി ആൽവസ് 422 മത്സരങ്ങൾ കളിച്ചതെങ്കിൽ മെസ്സിയാകട്ടെ 423 മത്സരങ്ങളും കളിച്ചത് ബാഴ്സ കുപ്പായത്തിൽ തന്നെയായിരുന്നു.

സ്പാനിഷ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശതാരമായ മെസ്സി തന്നെയാണ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും. 388 ഗോളുകളാണ് സ്പാനിഷ് ലീഗിൽ ഈ അർജന്റീന താരത്തിന് സ്വന്തം അക്കൗണ്ടിലുള്ളത്.

എന്നാൽ റെക്കോർഡ് നേട്ടത്തിലെത്തിയ മത്സരത്തിൽ ടീമിനെ ജയത്തിലെത്തിക്കാൻ ക്യാപ്റ്റൻ കൂടിയായ മെസ്സിക്ക് സാധിച്ചില്ല. ക്ലെമെൻ ലെംഗ്ലെറ്റ് ചുവപ്പ്കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്ത് പേരായി ചുരുങ്ങിയ മത്സരത്തിൽ ബാഴ്സ ജിറോണയ്ക്കെതിരെ രണ്ട് ഗോളിന്റെ സമനില വഴങ്ങുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook