ഗോൾ ദാഹമടങ്ങാതെ മെസി മുന്നിൽ നിന്ന് നയിക്കുന്പോൾ ബോഴ്സലോണ വിജയകുതിപ്പ് തുടരുന്നു. സ്പാനിഷ് ലീഗില്‍ കറ്റാലന്മാർ എയ്ബറിനെ ഒന്നിനെതിരെ ആറ് ഗോളിനാണ് മുക്കിയത്. നാല് ഗോളുകള്‍ നേടിയ മെസിയുടെ തനിനിറം എയ്ബർ കണ്ടു.

ഉസ്മാന്‍ ഡെംബാലെയുടെ അസാന്നിധ്യമൊന്നും ബാഴ്സയുടെ ജയത്തില്‍ മങ്ങലേല്‍പ്പിച്ചില്ല. ഗോളടിക്കാനും അടിപ്പിക്കാനും മെസി നേതൃത്വം നല്‍കിയതോടെ കറ്റാലന്‍ സംഘം സീസണിലെ അഞ്ചാം ജയം ആഘോഷിക്കുകയായിരുന്നു. 20-ാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് മെസിയാണ് ബാഴ്സയുടെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. 36-ാം മിനിറ്റില്‍ മെസിയുടെ കോര്‍ണര്‍ കിക്ക് ഹെഡ് ചെയ്ത് ബ്രസീലിയന് താരം പൗളീഞ്ഞ്യോ ബാഴ്സക്ക് ലീഡ് സമ്മാനിച്ചു. 53-ാം മിനിറ്റില്‍ ഡെനിസ് സുവാരസിലൂടെ ബാഴ്സ ഗോള്‍ നേട്ടം മൂന്നാക്കിയപ്പോള്‍ 57-ാം മിനിറ്റില്‍ എയ്ബര്‍ ആശ്വാസ ഗോൾ നേടി.

Messi

പിന്നീട് രണ്ടാം പകുതിയിൽ കണ്ടത് മെസി മാജിക്കായിരുന്നു. 59, 62, 87 മിനിറ്റില്‍ മെസി എതിര്‍ടീമിന്റെ വലയില്‍ പന്തെത്തിച്ചതോടെ ബാഴ്സ അജയ്യരായി ലാലീഗ തലപ്പത്തേക്ക് വീണ്ടുമെത്തുകയായിരുന്നു. നെയ്മർ ബാഴ്സലോണ വിട്ടതൊന്നും തന്റെ ഫോമിനെ ബാധിക്കില്ലെന്ന് തെളിയിക്കുന്നത് കൂടിയായി മെസിയുടെ പ്രകടനം. ലാലീഗയിൽ മാത്രം അഞ്ച് കളികളിൽ നിന്ന് ഒൻപത് ഗോളുകളാണ് മെസി ഇതിനോടകം കരസ്ഥമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ