ഫുട്ബോൾ ലോകത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി വലിയ തർക്ക വിഷയാമാണ് റൊണാൾഡോയാണോ മെസ്സിയാണോ കേമൻ എന്നത്. ഗോളുകൾ അടിച്ചുകൂട്ടിയും റെക്കോർഡുകൾ തിരുത്തിയെഴുതിയും താരങ്ങളും പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 വർഷവും ലോകത്തെ മികച്ച ഫുട്ബോളർക്കുള്ള ബാലൻ ഡി ഓർ പുരസ്കാരവും മെസ്സിയും റൊണാൾഡോയും മാത്രമാണ് സ്വന്തമാക്കികൊണ്ടിരുന്നത്.

ലാ ലിഗയിൽ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് റയലിലെ കളി ജീവിതം അവസാനിപ്പിച്ച് റൊണാൾഡോ ഇറ്റലിയിലേക്ക് ചേക്കെറിയത്. ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിലെത്തിയ റൊണോ സീരി എയിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. നിലവിൽ വ്യത്യസ്ത ലീഗുകളിൽ കളിക്കുന്നതിനാൽ നേട്ടങ്ങളിലും വ്യത്യസ്തത നിലനിൽക്കുന്നു. ഈ സാഹചര്യത്തിലാണ് നാളുകൾക്ക് മുമ്പ് മെസ്സിയെ ഇറ്റലിയൻ ലീഗിൽ കളിക്കാൻ റൊണാൾഡോ വെല്ലുവിളിച്ചത്.

താന്‍ ഇംഗ്ലണ്ട്, സ്പെയ്ൻ, ഇറ്റലി, പോർച്ചുഗൽ ഉൾപ്പടെ നാല് ലീഗുകളില്‍ കളിച്ചിട്ടുണ്ടെന്നും പക്ഷേ, മെസ്സി അന്നും ഇന്നും ലാലിഗയില്‍ മാത്രമാണ്. തന്നെ സംബന്ധിച്ചടുത്തോളം ജീവിതം ഒരു വെല്ലുവിളിയാണ്. തന്നെപ്പോലെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയാറാവണമെന്നും മെസ്സിയോട് റൊണാള്‍ഡോ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സൂപ്പർ താരം.

തനിക്ക് ഇപ്പോൾ മാറ്റമൊന്നും വേണ്ടന്നായിരുന്നു മെസ്സിയുടെ മറുപടി. നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നത് ലോകത്തെ മികച്ച ക്ലബിനൊപ്പമാണ് . ഓരോ വര്‍ഷവും തന്റെ മുന്നിലുള്ള വെല്ലുവിളി വ്യത്യസ്തമാണ്. പുതിയ ലക്ഷ്യങ്ങൾ നേടാന്‍ ലീഗും ടീമും മാറേണ്ട ആവശ്യമില്ല. ഇതാണെന്റെ വീട്. ബാഴ്‌സ വിട്ട് എവിടേക്കുമില്ല എന്നും മെസ്സി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook