കോപ്പ അമേരിക്കയിൽ സാധ്യതകൾ മാത്രമല്ല സാഹചര്യങ്ങളും ബ്രസീലിന് മനുപൂർവ്വം അനുകൂലമാക്കുകയാണെന്ന ആരോപണവുമായി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസി. ലൂസേഴ്സ് ഫൈനൽ പോരാട്ടത്തിൽ ചിലിക്കെതിരെ റെഡ് കാർഡ് കണ്ട് പുറത്തായതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു മെസി. വാറിനും റഫറിമാർക്കും ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും മെസി പറഞ്ഞു.

Also Read: കോപ്പയിൽ കണ്ണീരുമായി മെസി; ചിലിയെ തകർത്ത് അർജന്റീന മൂന്നാം സ്ഥാനത്ത്

” ഇവിടെ ഒരുപാട് അഴിമതികൾ നടക്കുന്നുണ്ട്. റഫറിമാർ…അവർ ഞങ്ങളെ ഫൈനലിൽ കയറാൻ അനുവദിച്ചില്ല. സെമിഫൈനലിൽ ബ്രസീലിനെതിരെയും ലൂസേഴ്സ് ഫൈനലിൽ ചിലിക്കെതിരെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ കാര്യമുണ്ടായില്ല. ഇത് ബ്രസീൽ ജയിക്കാൻ വേണ്ടി എഴുതിയിരിക്കുന്നതാണെന്ന കാര്യത്തിൽ സംശയമില്ല. വാറിനും റഫറിമാർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. ഫൈനലിൽ പെറുവിന് മത്സരിക്കാം പക്ഷെ കാര്യമുണ്ടെന്ന് തോന്നുന്നില്ല,” മെസി പറഞ്ഞു.

ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ച ചുവപ്പ് കാർഡുമായി മെസി കളം വിട്ട കോപ്പ അമേരിക്കയുടെ ലൂസേഴ്സ് ഫൈനൽ പോരാടത്തിൽ അർജന്റീനക്ക് ജയം. ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അർജന്റീന മൂന്നാം സ്ഥാനത്ത് ടൂർണമെന്റ് അവസാനിപ്പിച്ചത്. സെർജിയോ അഗ്യൂറോ, പൗളോ ഡൈബാല എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. ചിലിയുടെ ആശ്വാസ ഗോൾ അർതുറോ വിദാലിന്റെ വകയായിരുന്നു.

Also Read: റെഡ് കാർഡുമായി മടങ്ങിയ മെസി പിന്നീട് മടങ്ങിയെത്തിയില്ല; സമ്മാനം സ്വീകരിക്കാൻ പോലും

കോപ്പ അമേരിക്കയിലെ ലൂസേഴ്സ് ഫൈനൽ പോരാട്ടം പാതിയിൽ ഉപേക്ഷിച്ച് റെഡ് കാർഡ് കണ്ട മെസി കൂടാരം കയറി. പിന്നീടൊരിക്കലും തിരിച്ചെത്തിയില്ല. അർജന്റീനയുടെ വിജയം ആഘോഷിക്കാനും മൂന്നാം സ്ഥാനക്കാരുടെ മെഡൽ സ്വീകരിക്കാനും അയാൾ മൈതാനത്ത് കാലുകുത്തിയില്ല. അത്രത്തോളം അത് അയാളെ വിഷമിപ്പിച്ചിരുന്നു. കാരണം തന്റെ കരിയറിൽ ഇത് രണ്ടാം തവണ മാത്രമാണ് മെസി റെഡ് കാർഡ് കാണുന്നത്.

പരസ്പരം തമ്മിലടിച്ചതിനാണ് 37-ാം മിനിറ്റില്‍ ലയണല്‍ മെസിക്കും ചിലി താരം ഗാരി മെദലിനും ചുവപ്പുകാര്‍ഡ് ലഭിച്ചത്. മത്സരത്തിലുടനീളം ഏഴ് മഞ്ഞക്കാര്‍ഡുകളും രണ്ട് ചുവപ്പുകാര്‍ഡുകളും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു. 34-ാം മിനിറ്റിൽ ചിലി നായകൻ ഗാരി മെദലിനെ മെസി ചലഞ്ച് ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. സംഭവത്തിൽ പ്രകോപിതനായ ഗാരി മെസിയുടെ നേരെ തട്ടികയറി. താരങ്ങളുടെ അടുത്തേക്ക് പാഞ്ഞുവന്ന പരഗ്വേക്കാരൻ റഫറി മരിയോ ഡിയാസ് റെഡ് കാർഡെടുത്ത് ഇരുവരെയും മടക്കി അയച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook