സൂപ്പർതാരം ലയണൽ മെസി ബാഴ്‌സലോണയിൽ തുടരുമെന്ന് സൂചന. മെസിയുടെ പിതാവ് ഹോർഗെ മെസിയാണ് ഇങ്ങനെയൊരു സൂചന നൽകുന്നത്. ബാഴ്‌സ മാനേജ്‌മെന്റുമായി മെസിയുടെ പിതാവും ഏജന്റുമായ ഹോർഗെ മെസി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ താരവും മാനേജ്‌മെന്റുമായ പ്രശ്‌നങ്ങൾ പരിഹരിച്ചെന്നാണ് സൂചന.
Read Also: മെസിയുടെ അസാന്നിധ്യം ബാഴ്‌സയെ ബാധിക്കില്ല, കൂടുതൽ താരങ്ങൾക്ക് വളരാൻ അവസരം നൽകും: മോഡ്രിച്ച്
മെസിയിൽ ബാഴ്‌സയിൽ തുടരാൻ സാധ്യതയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ‘ഉണ്ട്’ എന്നാണ് മെസിയുടെ പിതാവ് മറുപടി നൽകിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മെസി 2021 ജൂൺ വരെ ബാഴ്‌സയിൽ തുടരാനാണ് സാധ്യത. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ മെസി സമ്മതിച്ചതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പുറത്തുവരും. 2021 ൽ മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, മെസി ബാഴ്‌സ വിടുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകുമെന്നായിരുന്നു അഭ്യൂഹങ്ങൾ. ബാഴ്‌സ പരിശീലകൻ റൊണാൾഡ് കൊമാൻ മെസിക്ക് പകരം മാഞ്ചസ്റ്റർ സിറ്റിയിലെ സൂപ്പർ താരത്തെ ആവശ്യപ്പെട്ടതായും ചില സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. മെസിക്ക് പകരം എറിക് ഗാർസിയ, ബെർനാർദോ സിൽവ, ഗബ്രിയേൽ ജീസസ് എന്നിവരെ നൽകാനാണ് മാഞ്ചസ്റ്റർ സിറ്റി ആലോചിക്കുന്നത്. എന്നാൽ, മെസിക്ക് പകരം റഹീം സ്റ്റെർലിങ്, കെവിൻ ഡി ബ്രൂണേ എന്നിവരെ കൊമാൻ ആവശ്യപ്പെടുന്നതായി പ്രമുഖ കായിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
റൊണാൾഡ് കൊമാന്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച നടന്ന പരിശീലനത്തിലേക്ക് മെസി എത്താതിരുന്നത് ഏറെ ചർച്ചയായിരുന്നു. പുതിയ സീസണ് മുന്നോടിയായി ബാഴ്‌സ താരങ്ങൾക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ബാഴ്‌സയിലെ കോവിഡ് പിസിആർ ടെസ്റ്റിനു മെസി എത്തിയില്ല. പുതിയ പരിശീലകനായ റൊണാൾഡ് കൊമാന്റെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ പരിശീലനത്തിനായി ബാഴ്‌സ ടീമംഗങ്ങളോടൊപ്പം ചേരില്ലെന്ന തീരുമാനം മാനേജ്‌മെന്റിനെ അറിയിക്കാൻ മെസി ഒരു ദൂതനെ അയച്ചിരുന്നതായി കായിക പത്രമായ ‘ലാ വാൻഗാർഡിയ’ റിപ്പോർട്ട് ചെയ്‌തിരുന്നു. പരിശീലനത്തിനു എത്തില്ലെന്ന വിവരം നിയമപരമായ രേഖകൾ സഹിതമാണ് അറിയിച്ചതെന്നാണ് വിവരം.