അര്‍ജന്‍റീനയില്‍ എപ്പോഴോക്കെ മെസി ചര്‍ച്ചയാകാറുണ്ടോ അപ്പോഴൊക്കെ കൂട്ടിവായിക്കുന്ന പേരാണ് ഫുട്ബോള്‍ ഇതിഹാസം മറഡോണയുടേത്. ലോകത്തിലെ ഏറ്റവും മികച്ച താരം എന്ന് വിശേഷിക്കപ്പെടുമ്പോഴും മെസി അര്‍ജന്‍റീനയ്ക്ക് വേണ്ടി ഒന്നും നേടിയില്ല എന്നാണ് അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ആരാധകരുടെ പ്രധാന വിമര്‍ശനം. ലോകകപ്പിന് രണ്ടാഴ്‌ച ബാക്കിയിരിക്കെ ഈ വിമര്‍ശനങ്ങളുടെ വായടപ്പിച്ചിരിക്കുകയാണ് സാക്ഷാല്‍ ഡീഗോ മറഡോണ. മെസി അര്‍ജന്റീനയ്ക്ക് വേണ്ടി ഒന്നും തെളിയിക്കേണ്ടതില്ല എന്നാണ് ഡീഗോ മറഡോണ അഭിപ്രായപ്പെട്ടത്.

“മെസിക്ക് ഒന്നും തെളിയിക്കേണ്ടതായില്ല. വിമര്‍ശനങ്ങളെ മറന്നുകൊണ്ട് ആസ്വദിച്ച് കളിച്ചാല്‍ മാത്രം മതിയാകും.” മറഡോണ പറഞ്ഞു. 2014ലെ ബ്രസീല്‍ ലോകകപ്പ് അര്‍ജന്‍റീനയ്ക്ക് നഷ്ടമാകുന്നത് തലനാരിഴയ്ക്കാണ്. എക്സ്ട്രാ ടൈമില്‍ മരിയോ ഗോട്സെയിലൂടെ നേടിയ ഗോളിലാണ് ജര്‍മനി അന്ന് കിരീടം ഉയര്‍ത്തിയത്.

അര്‍ജന്റീന പരിശീലകന്‍ സംമ്പോളിയുടെ തന്ത്രങ്ങള്‍ തനിക്ക് അറിയില്ലെന്ന് പറഞ്ഞ മറഡോണ മികച്ച താരങ്ങള്‍ തന്നെയാണ് സ്ക്വാഡില്‍ ഇടംനേടിയത് എന്നും കൂട്ടിച്ചേര്‍ത്തു.

“പക്ഷെ എനിക്ക് ഒരുപാട് താരങ്ങളെ അറിയാം. മികച്ച താരങ്ങളാണ് അവരൊക്കെയും. അവര്‍ തങ്ങളുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കും എന്ന് ഉറപ്പാണ്”, മറഡോണ പറഞ്ഞു.

1986ല്‍ മറഡോണയുടെ നായകത്വത്തിലാണ് അര്‍ജന്‍റീന അവസാനമായി ലോകകപ്പ് ഉയര്‍ത്തുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദമൽസരത്തില്‍ മെസിയുടെ ഹാട്രിക് മികവില്‍ ഹെയ്തിക്കെതിരെ അര്‍ജന്റീന 4-0 ത്തിന്റെ വിജയം നേടിയിരുന്നു. വെള്ളിയാഴ്‌ച ഇസ്രായേലിനെതിരെയാണ് അര്‍ജന്‍റീനയുടെ അടുത്ത സൗഹൃദ മൽസരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ