അര്‍ജന്റീനയെ മൂന്നാം ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണല്‍ മെസ്സിയെ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ ഫെഡറേഷന് ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് (ഐഎഫ്എഫ്എച്ച്എസ്) 2022ലെ കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുത്തു. 275 പോയിന്റ് നേടിയാണ് മെസി നേട്ടം സ്വന്തമാക്കിയത്.
1966-ല്‍ ജിയോഫ് ഹര്‍സ്റ്റിന് ശേഷം ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടുന്ന ആദ്യ താരമായി മാറിയ കിലിയന്‍ എംബാപ്പെയാണ് പട്ടികയില്‍ രണ്ടാമത്. ഫ്രഞ്ച് താരം 35 പോയിന്റ് നേടി. തൊട്ടുപിന്നില്‍ കരിം ബെന്‍സെമ (30), ലൂക്കാ മോഡ്രിച്ച് (15), എര്‍ലിംഗ് ഹാലന്‍ഡ് (5) എന്നിവരാണ്.
2022ല്‍ ക്ലബ്ബിനും രാജ്യത്തിനുമായി 35 ഗോളുകളും 30 അസിസ്റ്റുകളും ഉള്‍പ്പെടെ 55 ഗോളാണ് മെസ്സി നേടിയത്. ലോകകപ്പില്‍ ഏഴ് ഗോളുകള്‍ നേടിയത് കൂടാതെ മൂന്ന് തവണ അസിസ്റ്റ് ചെയ്യുകയും ചെയ്തു. കരിയറിലെ രണ്ടാം തവണയും ഗോള്‍ഡന്‍ ബോള്‍ നേടി. 2014ല്‍ അര്‍ജന്റീന ജര്‍മനിയോട് ഫൈനലില്‍ തോറ്റപ്പോള്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡും മെസ്സി നേടിയിരുന്നു.
ലോകകപ്പ് നേടിയതിന് ശേഷം ക്ലബ് ഫുട്ബോള്‍ കളിക്കാന്‍ ഫ്രാന്‍സില്‍ തിരിച്ചെത്തിയ മെസ്സിയെ പിഎസ്ജി ടീമംഗങ്ങളും സ്റ്റാഫും സ്വീകരിച്ചു. മെമന്റോ കൂടാതെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് പി.എസ്.ജി താരങ്ങള്‍ മെസിയെ വരവേറ്റത്. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം ഫിഫ ലോകകപ്പ് 2022 വിജയം ആഘോഷിച്ച ശേഷമാണ് മെസി അര്‍ജന്റീനയില്‍നിന്ന് പാരീസില്‍ തിരിച്ചെത്തിയത്. പി.എസ്.ജി ആസ്ഥാനമായ പാര്‍ക് ഡെസ് പ്രിന്‍സസില്‍ പരിശീലനത്തിന് എത്തിയ പി.എസ്.ജി താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. ക്ലബ് സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ അദ്ദേഹത്തിന് പ്രത്യേക ട്രോഫിയും സമ്മാനിച്ചു.