മാഡ്രിഡ്: ബാഴ്‌സലോണയുടെ നട്ടെല്ലായ സൂപ്പര്‍താരം മെസിയ്ക്ക് വേണമെങ്കില്‍ ക്ലബ് വിടാമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയ ബാര്‍ത്തോമ്യോ. മെസിയെ കണ്ടെത്തുന്നതും വളര്‍ത്തിയെടുത്തതുമെല്ലാം ബാഴ്‌സയാണ്. യുവതാരത്തില്‍ നിന്നും ഫുട്‌ബോള്‍ ഇതിഹാസത്തിലേക്ക് മെസി വളര്‍ന്നപ്പോള്‍ അത് ബാഴ്‌സയ്ക്കും നേട്ടമായി. എന്നാല്‍ താരം ടീം വിടുകയാണെങ്കില്‍ അത് തങ്ങളെ ബാധിക്കില്ലെന്നാണ് ക്ലബ്ബ് പറയുന്നത്.

അഞ്ച് വട്ടം ബാലണ്‍ ദി ഓര്‍ നേടിയിട്ടുള്ള മെസി 2017 ല്‍ ക്ലബ്ബുമായി ഒപ്പിട്ട കരാര്‍ പ്രകാരം നാല് വര്‍ഷമാണ് ബാഴ്‌സയിലുണ്ടാവുക. എന്നാല്‍ താരത്തിന് വേണമെങ്കില്‍ അതിന് മുന്‍പ് തന്നെ കരാര്‍ അവസാനിപ്പിക്കാന്‍ സ്വാതന്ത്രമുണ്ടെന്ന് ബാര്‍ത്തോമ്യോ പറഞ്ഞു.

Read More: ‘എന്നെ മികച്ചവനാക്കിയത് അവനാണ്’; മെസി ഓരോ കിരീടം നേടുമ്പോഴും തന്റെ ഉള്ള് നോവുമെന്ന് ക്രിസ്റ്റ്യാനോ

”2020-21 വരെയാണ് മെസിയുടെ കരാര്‍. പക്ഷെ അദ്ദേഹത്തിന് അവസാന സീസണിന് മുന്‍പ് തന്നെ വേണമെങ്കില്‍ ക്ലബ്ബ് വിടാം. സാവി, പുയോള്‍, ഇനിയേസ്റ്റ ഇവരുടെയൊക്കെ അവസാന കരാറിലേത് പോലെ തന്നെ. ആ സ്വാതന്ത്ര്യം അവകാശപ്പെടാന്‍ കഴിയുന്നവരാണ് അവര്‍. പക്ഷെ അവരെല്ലാം ബാഴ്‌സലോണയോട് ആത്മാര്‍ത്ഥ ഉള്ളവരാണ്. അതിനാല്‍ നമ്മള്‍ ഭയപ്പെടേണ്ടതില്ല” ബര്‍ത്തോമ്യോ പറഞ്ഞു.

മെസി 2021 ന് ശേഷവും തങ്ങള്‍ക്കൊപ്പം കളിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കാലിലെ പരുക്കിനെ തുടര്‍ന്ന് പുറത്തിരിക്കുകയാണ് മെസി. താരത്തിന്റെ അഭാവത്തില്‍ ടീമിന്റെ പ്രകടനവും മോശമാണ്. 2004 മുതല്‍ ബാഴ്സയുടെ സീനിയര്‍ ടീമിലുള്ള മെസ്സി ക്ലബിനുവേണ്ടി 452 കളികളില്‍ നിന്ന് 419 ഗോളുകളാണ് നേടിയത്. ഇക്കാലയളവിലാണ് മെസ്സി അഞ്ച് ബാലണ്‍ ദി ഓർ നേടിയത്. 2017ലാണ് കരാര്‍ പുതുക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook