ബാഴ്സ: തന്റെ 33-ാം ജന്മദിനത്തിൽ ബാഴ്സലോണയ്ക്കുവേണ്ടി വിജയഗോളൊരുക്കി ലയണൽ മെസി. ലാ ലിഗയിൽ അത്ലറ്റിക്കോ ബിൽബാവോയുമായി നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സ വിജയിച്ചത്.

ബാഴ്സയ്ക്കുവേണ്ടി വിജയഗോൾ നേടിയത് ക്രൊയേഷ്യൻ താരം ഇവാൻ റാക്ടിച്ചാണ്. എന്നാൽ, ആ ഗോളിലേക്ക് അവസരമൊരുക്കിയത് സാക്ഷാൽ ‘മിശിഹ’. ഇതോടെ ലാ ലിഗ പോയിന്റ് പട്ടികയിൽ ബാഴ്സ ഒന്നാം സ്ഥാനത്തേക്ക് എത്തി. സബ്സ്റ്റിറ്റ്യൂഷൻ താരമായാണ് റാക്ടിച്ച് കളത്തിലെത്തിയത്. 65-ാം മിനിറ്റിലാണ് റാക്ടിച്ച് കളത്തിലിറങ്ങുന്നത്. കളത്തിലെത്തി ആറാം മിനിറ്റിൽ ഈ സീസണിലെ ലാ ലിഗയിലെ ആദ്യ ഗോളും റാക്ടിച്ച് സ്വന്തമാക്കി.
Read Also: Horoscope Today June 24, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
മത്സരശേഷം തന്റെ ഗോൾ മെസിക്ക് സമർപ്പിക്കാനും റാക്ടിച്ച് മറന്നില്ല. മെസിയുടെ പാസാണ് താൻ ലക്ഷ്യത്തിലെത്തിച്ചതെന്നും അതിൽ സന്തോഷമുണ്ടെന്നും റാക്ടിച്ച് പറഞ്ഞു. മെസിക്ക് പിറന്നാൾ സമ്മാനമായാണ് റാക്ടിച്ച് താൻ നേടിയ ഗോളിനെ വിലയിരുത്തിയത്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തായിരുന്ന ബാഴ്സയ്ക്ക് അത്ലറ്റിക്കോയ്ക്കെതിരായ മത്സരം നിർണായകമായിരുന്നു.

അത്ലറ്റിക്കോയുടെ രണ്ട് പ്രതിരോധ താരങ്ങളെ മറികടന്നാണ് മെസി റാക്ടിച്ചിനു പന്ത് നൽകുന്നത്. പിന്നീട് റാക്ടിച്ച് അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ചു. ബാഴ്സയ്ക്കു വേണ്ടിയുള്ള മെസിയുടെ 250-ാം അസിസ്റ്റാണിത്.
ലോകമെമ്പാടും ആരാധകരുള്ള മെസി ഇന്ന് 33-ാം ജന്മദിനം ആഘോഷിക്കുകയാണ്. എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകളാണ് മെസി സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. റെക്കോർഡ് വേട്ട ഇനിയും തുടരുകയാണ് ഈ അർജന്റീന താരം. ‘ലയണൽ ആന്ദ്രെ മെസി’ എന്നാണ് പൂർണ നാമം. പത്താം നമ്പറിലാണ് മെസി കളത്തിലിറങ്ങുന്നത്. മെസിയുടെ പത്താം നമ്പർ ജേഴ്സിയും ഫുട്ബോൾ ആരാധകർക്കിടയിൽ സൂപ്പർഹിറ്റാണ്.
Read Also: ബാഴ്സ ക്യാംപിൽ സഹതാരവുമായി മെസി വഴക്കിട്ടതായി സൂചന; വിവാദം കനക്കുന്നു
ആറ് ബലൻ ദ് ഓർ പുരസ്കാരം, ആറ് തവണ ഫിഫയുടെ മികച്ച താരം, ഒരു കലണ്ടർ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിന് ഗിന്നസ് റെക്കോര്‍ഡ്. ഫിഫയുടെ ലോക ഇലവനില്‍ കൂടുതല്‍ തവണ ഇടം നേടിയ താരം, മൂന്ന് ക്ലബ് ലോകകപ്പുകളില്‍ ഗോള്‍ നേടിയ ഏകതാരം, 2014 ലോകകപ്പിലെ ഏറ്റവും മികച്ചതാരം…തുടങ്ങി മെസി സ്വന്തമാക്കിയ റെക്കോർഡുകൾ നിരവധിയാണ്. എന്നാൽ, ഫിഫ ലോകകപ്പ് അർജന്റീനയ്ക്കു നേടികൊടുക്കുക എന്ന ലക്ഷ്യം മാത്രം ഇതുവരെ സ്വന്തമാക്കിയിട്ടില്ല.