സൂപ്പർ താരം ലയണൽ മെസി ബാഴ്സ വിടുമോ എന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടായേക്കും. മെസിയുടെ ഏജന്റും പിതാവുമായ ഹോർഗെ മെസി ബാഴ്സലോണ മാനേജർ ജോസഫ് മരിയ ബർതോമ്യൂവുമായി നാളെ കൂടിക്കാഴ്ച നടത്തും. മെസി ബാഴ്സ വിടുമോ എന്ന കാര്യത്തിൽ ഈ കൂടിക്കാഴ്ചയിലൂടെ തീരുമാനമാകും. മെസി ബാഴ്സയിൽ തുടരില്ലെന്ന് തന്നെയാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്.
മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ബാഴ്സ പരിശീലകൻ റൊണാൾഡ് കൊമാൻ മെസിക്ക് പകരം മാഞ്ചസ്റ്റർ സിറ്റിയിലെ സൂപ്പർ താരത്തെ ആവശ്യപ്പെട്ടതായും ചില സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെസിക്ക് പകരം ഒരു വച്ചുമാറലാണ് ബാഴ്സ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. മെസിക്ക് പകരം എറിക് ഗാർസിയ, ബെർനാർദോ സിൽവ, ഗബ്രിയേൽ ജീസസ് എന്നിവരെ നൽകാനാണ് മാഞ്ചസ്റ്റർ സിറ്റി ആലോചിക്കുന്നത്. എന്നാൽ, മെസിക്ക് പകരം റഹീം സ്റ്റെർലിങ്, കെവിൻ ഡി ബ്രൂണേ എന്നിവരെ കൊമാൻ ആവശ്യപ്പെടുന്നതായി പ്രമുഖ കായിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Read Also: മെസി ബാഴ്സലോണ വിടാനുള്ള അഞ്ച് കാരണങ്ങൾ
അതേസമയം, റൊണാൾഡ് കൊമാന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന പരിശീലനത്തിലേക്ക് മെസി എത്താതിരുന്നത് ഏറെ ചർച്ചയായിരുന്നു. പുതിയ സീസണ് മുന്നോടിയായി ബാഴ്സ താരങ്ങൾക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ബാഴ്സയിലെ കോവിഡ് പിസിആർ ടെസ്റ്റിനു മെസി എത്തിയില്ല. പുതിയ പരിശീലകനായ റൊണാൾഡ് കൊമാന്റെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ പരിശീലനത്തിനായി ബാഴ്സ ടീമംഗങ്ങളോടൊപ്പം ചേരില്ലെന്ന തീരുമാനം മാനേജ്മെന്റിനെ അറിയിക്കാൻ മെസി ഒരു ദൂതനെ അയച്ചിരുന്നതായി കായിക പത്രമായ ‘ലാ വാൻഗാർഡിയ’ റിപ്പോർട്ട് ചെയ്തിരുന്നു. പരിശീലനത്തിനു എത്തില്ലെന്ന വിവരം നിയമപരമായ രേഖകൾ സഹിതമാണ് അറിയിച്ചതെന്നാണ് വിവരം.
ബാഴ്സ മാനേജർ ജോസഫ് മരിയ ബർതോമ്യൂവിനെ മെസി തന്റെ നിലപാട് അറിയിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്ലബ് വിടാൻ സന്നദ്ധത അറിയിച്ച മെസി പരിശീലന സെഷനിൽ പങ്കെടുക്കുന്നില്ലെങ്കിൽ നിയമപരമായി മറ്റ് പ്രശ്നങ്ങളില്ലെന്ന് താരത്തിന്റെ അഭിഭാഷകൻ പറഞ്ഞതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read Also: മെസി ഇല്ലെങ്കിലും ഗ്രീസ്മാൻ വേണം; ബാഴ്സയിലെ നീക്കങ്ങൾ ഉറ്റുനോക്കി കായികലോകം
മാഞ്ചസ്റ്റർ സിറ്റി മാനേജ്മെന്റുമായി മെസിയുടെ പിതാവ് ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അർജന്റീനയിൽ മെസിയുടെ ഉറ്റ ചങ്ങാതിയായ സെർജിയോ അഗ്വിറോ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന താരമാണ്. അഗ്വിറോയുടെ സാന്നിധ്യം മെസിയെ കൂടുതൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് അടുപ്പിക്കുന്നതായാണ് കായികലോകം വിലയിരുത്തുന്നത്.